
അബ്ദു റോസിക്ക്
ദുബായ്: പ്രശസ്ത ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ അബ്ദു റോസിക്കിനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ശനിയാഴ്ച മോണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടു പിന്നാലെ പുലർച്ചെ 5 മണിയോടെയാണ് താജിക്കിസ്ഥാൻ സ്വദേശിയായ 21കാരനെ അധികൃതർ കസ്റ്റഡിയിലെടുത്തത്.
മോഷണക്കുറ്റം ചുമത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അറിയാമെന്ന് മാത്രമാണ് അദ്ദേഹത്തിന്‍റെ കമ്പനി പ്രതിനിധിവ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല.
മൂന്ന് അടി മാത്രം ഉയരമുള്ള റോസിക്, മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന യുവ സെലിബ്രിറ്റികളിൽ ഒരാളാണ്. യുഎഇ ഗോൾഡൻ വിസയുള്ള അദ്ദേഹം വർഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്.
'ബിഗ് ബോസ് 16' ഉൾപ്പെടെയുള്ള മ്യൂസിക്-വൈറൽ വിഡിയോകൾ, റിയാലിറ്റി ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ ജനപ്രീതി നേടിയ താരമാണ് റോസിക്ക്.
2024ൽ റോസിക്ക് ദുബായിലെ കൊക്കക്കോള അരീനയിൽ ബോക്സിങ്ങിൽ അരങ്ങേറ്റം കുറിക്കുകയും, യുകെയിൽ തന്‍റെ റസ്റ്ററന്‍റ് ബ്രാൻഡായ 'ഹബീബി' ആരംഭിക്കുകയും ചെയ്തു. അതേ വർഷം തന്നെ, ഒരു ഹോസ്പിറ്റാലിറ്റി സ്ഥാപനം ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണത്തിൽ ഇന്ത്യയിലെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് റോസിക്കിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതിയാക്കിയില്ല.