അബുദാബി: അന്തർദേശിയ ചെസ്സ് ഫെഡറേഷന്‍റെ (ഫിഡെ ) ശതാബ്ദി ആഘോഷങ്ങൾ ഇന്ന് (ഓഗസ്റ്റ് 22 ) അബുദാബി മറീന മാളിൽ നടക്കും. അബുദാബി സ്പോർട്സ് ക്ലബ്ബിന്‍റെ രക്ഷാധികാരത്തിൽ അബുദാബി ചെസ്സ് ക്ലബ്ബും മൈൻഡ് ഗെയിംസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ചെസ്സിന്‍റെ ചരിത്രവും കളിക്കാരുടെ വൈവിധ്യവും വ്യക്തമാക്കുന്ന ഫോട്ടോ പ്രദർശനം ഉണ്ടാവും.
വേദിയിൽ ലോക യൂത്ത് ചാമ്പ്യനും ആഫ്രോ-അറബ് ചാമ്പ്യനുമായ ഗ്രാൻഡ് മാസ്റ്റർ അഹമ്മദ് അൽ ആദിൽ ഒരേ സമയം 15 പേർക്കെതിരെ മത്സരിക്കും. അന്തർദേശിയ ചെസ്സ് ഫെഡറേഷൻ എക്സിക്യൂട്ടിവ് അംഗവും ഖത്തർ ചെസ്സ് ഫെഡറേഷൻ പ്രസിഡന്‍റുമായ ഗ്രാൻഡ് മാസ്റ്റർ അഹമ്മദ് അൽ മുദ്ദഹ്കയും ഒരേ സമയം 15 പേർക്കെതിരെ മത്സരിക്കും.
സെപ്റ്റംബർ 10 മുതൽ 23 വരെ ബുഡാപെസ്റ്റിൽ നടക്കുന്ന 45 മത് ചെസ്സ് ഒളിമ്പ്യാഡിന്‍റെ ഭാഗമായുള്ള 100 ദീപശിഖാ പ്രയാണങ്ങളുടെ സമാപനവും ഇതോടൊപ്പം അബുദാബിയിൽ നടക്കും. അടുത്ത മാസം ദീപശിഖാ പ്രയാണം ആതിഥേയരായ ഹംഗറിയിലെത്തും. 2028 ലെ ലോക ചെസ്സ് ഒളിമ്പ്യാഡിന് അബുദാബിയാണ് ആതിഥേയത്വം വഹിക്കുന്നത്.