
ഇറാൻ-ഇസ്രായേൽ സംഘർഷം: വിമാന സർവീസുകൾ റദ്ദാക്കുന്നതും റൂട്ട് മാറ്റുന്നതും തുടരുന്നു
ദുബായ്: ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎഇയിലെ വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവയുടെ ഷെഡ്യൂളുകളിൽ റദ്ദാക്കലുകളും റൂട്ട് മാറ്റലും ഉൾപ്പെടെയുള്ള മാറ്റങ്ങൾ തുടരുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി.
ജൂൺ 13നും 15നുമിടയിൽ ഇറാഖ്, ഇറാൻ, ജോർദാൻ, ലബനാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഒന്നിലധികം വിമാനങ്ങൾ എമിറേറ്റ്‌സ് റദ്ദാക്കി. ബസ്ര, ബാഗ്ദാദ്, ടെഹ്‌റാൻ, അമ്മാൻ, ബെയ്‌റൂത്ത് എന്നീ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളിലാണ് മാറ്റം. കണക്ഷനുകൾ ഉൾപ്പെടെ ദുബായ് വഴി ഈ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഫ്ലൈ ദുബായ് അധികൃതർ അറിയിച്ചു.
എമിറേറ്സ് എയർ ലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ emirates.comൽ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും റീബുക്കിങ്ങിനായി എമിറേറ്റ്‌സ് ഓഫിസുകളെയോ ട്രാവൽ ഏജന്‍റുമാരെയോ ബന്ധപ്പെടാനും അറിയിപ്പുകൾക്കായി പോർട്ടലിലെ 'control your booking' ടാബ് പരിശോധിക്കാനും അധികൃതർ നിർദേശിച്ചു. ഇത്തിഹാദ് അബുദാബി -ടെൽ അവീവ്, അബുദാബി -അമ്മാൻ സെക്റ്ററിലേക്കുള്ള സർവീസുകൾ മുതൽ 16 വരെ റദ്ദാക്കി. മറ്റ് നിരവധി വിമാന സർവീസുകൾ വഴിതിരിച്ചു വിടുന്നുണ്ട്. അബുദാബി വഴി ഈകേന്ദ്രങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ അവരുടെ എംബാർകേഷൻ പോയിന്‍റിൽ കയറാൻ അനുവദിക്കില്ല.
ജൂൺ 15 വരെ അർമേനിയ, അസർബൈജാൻ, ബെലാറസ്, ജോർജിയ, ഇറാൻ, ഇറാഖ്, ഇസ്രാഈൽ, ജോർദാൻ, ലബനാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, സിറിയ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, റഷ്യ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഫ്ലൈ ദുബായ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളിലെ ഏതെങ്കിലും അവസാന ലക്ഷ്യ സ്ഥാനങ്ങളുമായി ദുബായ് വഴി ബന്ധിപ്പിക്കുന്ന യാത്രക്കാരെ അവരുടെ എംബാർകേഷൻ പോയിന്‍റിൽ സ്വീകരിക്കുന്നതല്ല.