

ഭക്ഷ്യ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് എം.എ യൂസഫലി
ദുബായ്: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ യുഎഇയിലെയും മധ്യപൂർവേഷ്യൻ മേഖലയിലെയും സമാധാനത്തിനായി പ്രാർഥിക്കണമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി ആഹ്വാനം ചെയ്‌തു. ദുബായിൽ ലുലു റമദാൻ മീഡിയ മജ്‌ലിസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതൊരു ജിയോ പൊളിറ്റിക്കൽ സാഹചര്യം ആണ്. നാം സമാധാനത്തിനായി പ്രാർഥിക്കുക. സാഹചര്യങ്ങൾ നല്ല നിലയിൽ, സമാധാനപൂർവം ആവട്ടെ. ഈ സ്ഥിതിയിൽ നമുക്കെല്ലാവർക്കും ആശങ്കയുണ്ട്. ടെൻഷനുണ്ട്. കാര്യങ്ങൾ നാം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അതിനനുസരിച്ചുള്ള കാര്യങ്ങൾ ആലോചിക്കുന്നു. എന്നാൽ, ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ ലുലു ഗ്രൂപ്പിന് മുൻകരുതൽ പദ്ധതികളുണ്ടെന്നും അദ്ദേഹം ഉറപ്പു നൽകി. ഞങ്ങൾക്ക് പ്ലാൻ എയും, ബിയും, ആവശ്യമെങ്കിൽ സിയുമുണ്ട്.
നമ്മുടെ നാട് യുഎഇയുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഓർമിപ്പിച്ച യൂസഫലി, നികുതി രഹിതമായി പണം നാട്ടിലേക്കയക്കാൻ സാധിക്കുന്നത് പ്രവാസികൾക്ക് വലിയ അനുഗ്രഹമാണെന്നും പറഞ്ഞു.
റമദാനിൽ യുഎഇ ഭരണാധികാരികൾ പ്രഖ്യാപിച്ച ജീവകാരുണ്യ കാംപയിനുകൾക്ക് സംഭാവന നൽകിയതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ദാനധർമങ്ങൾ പ്രശസ്തിക്ക് വേണ്ടിയല്ല, മറിച്ച് തന്‍റെ വിശ്വാസത്തിന്‍റെ ഭാഗമായാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി. യുഎഇ സർക്കാരിന്‍റെ 'മദർ ഓഫ് ദി നേഷൻ' കാംപയിനിലേക്ക് 371 കോടി രൂപയാണ് യൂസഫലി സംഭാവന നൽകിയത്. കച്ചവട ലാഭത്തിൽ നിന്ന് നിശ്ചിത ശതമാനം അർഹർക്ക് നൽകണമെന്നാണ് നമ്മുടെ മതം നിഷ്കർഷിക്കുന്നത്.
''എന്നെ ഞാനാക്കിയത് ഈ രാജ്യമാണ്. 52 വർഷം മുൻപ് ഇവിടെയെത്തി കുടുംബത്തോടൊപ്പം താമസിക്കാനുള്ള സ്ഥലം തന്നതും മറ്റു സൗകര്യങ്ങളും നൽകിയതും അബുദാബിയാണ്. ഇന്നതിന് വലിയ മൂല്യമുണ്ട്. അബുദാബി ഖാലിദിയയിൽ എനിക്കൊരു മാൾ തുടങ്ങണമെന്ന് അന്നത്തെ ഭരണാധികാരി ഷെയ്ഖ് സായിദിനോട് അഭ്യർഥിച്ചപ്പോൾ അതിനുള്ള സ്ഥലം അന്നത്തെ അബുദാബി കിരീടാവകാശിയും ഇന്നത്തെ യു.എ.ഇ പ്രസിഡന്‍റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സൗജന്യമായി നൽകി.
ദുബായിൽ മാൾ പണിയാൻ സിലിക്കൺ ഒയാസിസിൽ സ്ഥലം അനുവദിച്ച് തന്നത് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണെന്നും അദ്ദേഹം പറഞ്ഞു. ദീർഘ ദൃഷ്ടിയുള്ള ഭരണാധികാരികളാണ് ഈ നാടിന്‍റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇ യിൽ ഉടൻ സർവിസ് ആരംഭിക്കാൻ പോകുന്ന ഇത്തിഹാദ് റെയിൽവേ ഗതാഗത രംഗത്ത് വൻ വിപ്ലവം സൃഷ്ടിക്കും. വെറും 2 മണിക്കൂറും 10 മിനുട്ടും കൊണ്ട് റുവൈസിൽ നിന്ന് ഇത്തിഹാദ് ട്രെയിനിൽ ഫുജൈറയിലെത്താം. ഗതാഗത രംഗത്ത് ഈ രാജ്യം വലിയ ഉയർച്ചയാണ് നേടിയത്.
ആരു ഭരിച്ചാലും കേരളത്തിലെ വികസനം തുടരണമെന്നാണ് ആഗ്രഹമെന്നും, ഭരണത്തിലെത്തുന്നവർക്ക് ആശംസ നേരുന്നെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവേ അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രി മികച്ച ഭരണാധികാരിയും മോഹൻലാൽ മഹാ നടനുമാണ്. ഇരുവരും തമ്മിൽ മുഖാമുഖം നടത്തുന്നതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു എന്നിവരും മീഡിയ മജ്ലിസിൽ സംബന്ധിച്ചു.