വലിയ താരങ്ങളല്ല, കഥയാണ് പ്രധാനമെന്ന് നടൻ ഷറഫുദ്ദീൻ: 'ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ' പ്രിമിയർ ദുബായിൽ

'ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ' എന്ന പുതിയ ചിത്രത്തിന്‍റെ ദുബായ് പ്രീമിയറിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
The story matters more than big stars, says actor Sharafudheen: 'It Is a Medical Miracle' premieres in Dubai.

വലിയ താരങ്ങളല്ല, കഥയാണ് പ്രധാനമെന്ന് നടൻ ഷറഫുദ്ദീൻ: 'ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ' പ്രിമിയർ ദുബായിൽ

Updated on

ദുബായ്: സിനിമകൾ വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് വൻ താരനിരയല്ല, മറിച്ച് മികച്ച പ്രമേയമാണെന്ന നിലപാടിലേക്ക് മലയാള സിനിമാലോകം മാറിയെന്ന് നടൻ ഷറഫുദ്ദീൻ. എങ്കിലും ഒരു സിനിമ നിർമിക്കുന്നതിന് മുൻപുള്ള സാമ്പത്തിക ഭദ്രതയ്ക്കും ബിസിനസ് സാധ്യതകൾക്കും സൂപ്പർതാരങ്ങളുടെ സാന്നിധ്യം നിർമാതാക്കൾക്ക് വലിയ തണലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ' എന്ന പുതിയ ചിത്രത്തിന്‍റെ ദുബായ് പ്രീമിയറിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മടിച്ചു നിന്ന ഒരു സവിശേഷ രംഗം പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ട അനുഭവവും ഷറഫുദ്ദീൻ പങ്കുവച്ചു. 'പ്രേമം' ചിത്രത്തിലെ പ്രശസ്തമായ റാസൽഖൈമ ഡയലോഗ് മുതൽ ഗൾഫ് മലയാളികൾ തനിക്ക് നൽകുന്ന സ്നേഹം വലുതാണെന്നും അദ്ദേഹം ഓർത്തെടുത്തു.

ജനപ്രിയ സിനിമകളുടെ ഭാഗമാകാനാണ് തനിക്ക് താല്പര്യമെന്ന് നടൻ സംഗീത് പ്രതാപ് വ്യക്തമാക്കി. എഡിറ്റിങ് റൂമിൽ നിന്ന് അഭിനയത്തിലേക്ക് എത്തിയപ്പോൾ ലഭിക്കുന്ന പ്രേക്ഷക സ്നേഹം ഏറെ സന്തോഷം നൽകുന്നു. 'ഹൃദയപൂർവം' എന്ന ചിത്രത്തിന് ശേഷം തമാശ വേഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കരുതിയിരുന്നെങ്കിലും, ഈ ഫാന്‍റസി ചിത്രത്തിലെ കഥാപാത്രം ഒഴിവാക്കാൻ കഴിയാത്തത്ര ആകർഷകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലും ഗൾഫിലും ഒരേസമയം തിയെറ്ററുകളിലെത്തുന്ന ചിത്രം ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള ഒരു വേറിട്ട അനുഭവം യുവതലമുറയ്ക്ക് സമ്മാനിക്കുമെന്ന് സംവിധായകൻ ശ്യാമിൻ ഗിരീഷും തിരക്കഥാകൃത്ത് നിലീന സാന്ദ്രയും അഭിപ്രായപ്പെട്ടു. വാർത്താസമ്മേളനത്തിൽ നടി അഖില ഭാർഗവനും നിർമാതാക്കളായ സുജിത് നായർ, ഡോ. പോൾ എന്നിവരും പങ്കെടുത്തു. ആദ്യ പ്രദർശനത്തിന് ശേഷം മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com