
ജിമ്മി ജോർജ് സ്മാരക വോളിബോൾ ടൂർണമെന്‍റ് സിൽവർ ജൂബിലി എഡിഷന് ജൂലൈ 2 ന് അബുദാബിയിൽ തുടക്കം
അബുദാബി: അബുദാബി കേരള സോഷ്യല് സെന്‍ററിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ജിമ്മി ജോര്ജ്ജ് സ്മാരക വോളിബോള് ടൂർണമെന്‍റ് 25-ാമത് എഡിഷൻ ജൂലായ് 2 മുതൽ 6 വരെ അബുദാബി സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിക്കും. കേരള സോഷ്യൽ സെന്‍റർ അബുദാബിയും ലൈഫ് ലൈൻ ഹോസ്പിറ്റൽ അബുദാബിയും അബുദാബി സ്പോർട്സ് കൗൺസിലും സംയുക്തമായാണ് ടൂർണമെന്‍റ് നടത്തുന്നത്.
ദിവസവും വൈകീട്ട് 8 മണി മുതൽ രാത്രി 12 മണി വരെ അബൂദാബി സ്പോർട്സ് ഹബ്ബിൽ നടക്കുന്ന മത്സരങ്ങളിൽ 6 പ്രമുഖ ടീമുകൾ അണിനിരക്കും. യുഎഇ ഉൾപ്പെടയുള്ള ജിസിസി രാജ്യങ്ങൾ, ഇന്ത്യ, ഈജിപ്ത്, ലെബനോൺ ശ്രീലങ്ക എന്നിവിടങ്ങളിലെ കളിക്കാർ മാറ്റുരക്കും.
എൽഎൽഎച്ച് ഹോസ്പിറ്റൽ, ഒൺലി ഫ്രഷ്, വേദ ആയുർവേദിക്, യുഎഇ നാഷണൽ ടീം, റഹ്മത്ത് ഗ്രൂപ്പ് ഓഫ് ആയുർ കെയർ, ഓൾ സ്റ്റാർ യുഎഇ എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.
വിജയികൾക്ക് ഒന്നാം സമ്മാനമായി എൽഎൽഎച്ച് ഹോസ്പിറ്റൽ നൽകുന്ന എവർ റോളിങ്ങ് ട്രോഫിയും 50,000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് അയൂബ് മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും 30,000 ദിർഹവും സമ്മാനം നൽകും. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്‍റ് നടക്കുന്നത്.