
അജ്മാൻ: യുഎഇയിൽ ആദ്യമായി നടന്ന കളിയാട്ട മഹോത്സവത്തിൽ കണ്ണൂർ ഏഴോം സ്വദേശി, ജീവൻ വരച്ച തെയ്യങ്ങളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി. പ്രധാന തെയ്യങ്ങളായ മടയിൽ ചാമുണ്ഡി, നമ്പല മുത്തപ്പൻ, പുലമാരുതൻ, കക്കര ഭഗവതി, ബാലീ, കരിഗുലികൻ, കണ്ടനാർ കേളൻ, നാഗോളങ്ങര ഭഗവതി, വസൂരിമാല, കാളി, മൂവാളംകുഴി ചാമുണ്ഡി, മാനത്താന കാളി, മാക്കം, കതിവനൂർ വീരൻ, മണത്തണ പൊതി തുടങ്ങിയ തെയ്യങ്ങളുടെ ചിത്രങ്ങളാണ് കളിയാട്ട മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.
അക്രിലിക്കിലാണ് ജീവൻ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ നടന്ന കളിയാട്ട മഹോത്സവത്തിലെ പ്രദർശന നഗരിയിൽ നിരവധി പേരാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാൻ എത്തിയത്.
ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുന്നതിൽ വലിയ താല്പര്യമുണ്ടായിരുന്ന ജീവൻ രണ്ട് തവണ സംസ്ഥാനതല ഹൈസ്കൂൾ ചിത്ര രചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. തൃശൂർ ഫൈൻ ആർട്സ് കോളജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കഴിഞ്ഞ 16 വർഷമായി ഷാർജയിലെ ഒരു പ്രമുഖ കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്തുവരികയാണ്. ഈ പ്രദർശനത്തിലൂടെ തെയ്യങ്ങൾ പ്രവാസ ലോകത്തിന്‍റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ജീവൻ അഭിപ്രായപ്പെട്ടു.