
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ ഭാഗമായി നടപ്പു സാമ്പത്തിക വര്‍ഷം കേരളാബാങ്കു വഴി 100 കോടി രൂപയുടെ സംരംഭകവായ്പകള്‍ ലഭ്യമാക്കും. എന്‍ഡിപിആര്‍ഇഎം, പ്രവാസി കിരണ്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കേരളാ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം വരെയുളള സംരംഭകവായ്പകള്‍ക്ക് ഈട് ഒഴിവാക്കുന്നതിനുളള സാധ്യതകളും ചര്‍ച്ച ചെയ്തു. ഇതിനായി പുതിയ സംരംഭക വായ്പ പദ്ധതി കേരളാ ബാങ്ക് അവതരിപ്പിക്കും. ആഗസ്റ്റിനുശേഷം സംസ്ഥാനത്താകെ 30 വായ്പാ മേളകള്‍ സംഘടിപ്പിക്കാനും ധാരണയായി. പ്രവാസി പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പിന്തുണ ലഭ്യമാക്കുമെന്നും കേരളാ ബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. തൈക്കാട് നോർക്ക സെന്‍ററിൽ നടന്ന യോഗത്തിൽ നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി, കേരള ബാങ്ക് സിഇഒ ജോർട്ടി എം ചാക്കോ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്താകെ 823 ശാഖകളുളള കേരളാ ബാങ്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ 17 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങള്‍ വഴിയാണ് എന്‍ഡിപിആര്‍ഇഎം പദ്ധതി നടപ്പിലാക്കിവരുന്നത്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസി കള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം. 30 ലക്ഷം രൂപവരെയുളള സംരംഭകവായ്പകളാണ് പദ്ധതിവഴി ലഭിക്കുന്നത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.