ദുബായ്: ന്യൂസ് വീക്കിന്റെ 'ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഹോസ്പിറ്റല്‍സ്- 2025' പട്ടികയില്‍ ഇടം നേടി അല്‍ ഖിസൈസ് ആസ്റ്റര്‍ ഹോസ്പിറ്റല്‍. രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുന്നതിന് നൂതനമായ ഡിജിറ്റല്‍ സംവിധാനങ്ങളുടെ പിന്തുണയുള്ള അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതിനുള്ള അംഗീകാരമാണ് ഈ നേട്ടം.
ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ ആഗോള സര്‍വേയിലൂടെയും സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ വിലയിരുത്തലിലൂടെയുമാണ് ന്യൂസ് വീക്കും സ്റ്റാറ്റിസ്റ്റയും ആശുപത്രികളുടെ പട്ടിക തയ്യാറാക്കിയത്. ഹെല്‍ത്ത്കെയര്‍ മാനേജ്മെന്റ് അവാര്‍ഡുകളില്‍ (എച്ച്എംഎ) മികച്ച സാങ്കേതിക ഉപയോഗത്തിനുള്ള അവാര്‍ഡ് രണ്ടുതവണ ഹോസ്പിറ്റലിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 2023 ഡിസംബറില്‍ എച്ച്‌ഐഎംഎസ്എസ് ലെവല്‍ 6 മൂല്യനിര്‍ണ്ണയം നേടുകയും ചെയ്തു.
'ടെമി' (Temi) റോബോട്ടിനെ അവതരിപ്പിച്ചതിലൂടെ ആശുപത്രിയിലെത്തുന്ന ഓരോ വ്യക്തികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയും ഫാര്‍മസിയിലെ തിരക്ക് നിയന്ത്രിക്കുകയും ചെയ്യാൻ സാധിക്കുന്നു. ന്യൂസ് വീക്കിന്റെ ലോകത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെ 2024 പട്ടികയില്‍ ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റൽ യുഎഇയില്‍ 14-ാം സ്ഥാനത്തെത്തിയിരുന്നു.ഈ ലിസ്റ്റില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍ നിന്നുള്ള ഒന്‍പത് ആശുപത്രികള്‍ ഇടംനേടി. ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഹോസ്പിറ്റലുകളിലൊന്നായി ന്യൂസ് വീക്കിന്റെ പട്ടികയിലൂടെ അംഗീകരിക്കപ്പെട്ടത് അഭിമാനകരമായ ബഹുമതിയായി കാണുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.