
കെ.എസ്. ചിത്ര
ദുബായ്: കലാ മേഖലയിൽ പ്രത്യേകിച്ച് സിനിമാ രംഗത്ത് എഐ പിടിമുറുക്കുന്നതിനെ ആശങ്കയോടെയും ഭയത്തോടെയുമാണ് കാണുന്നതെന്ന് മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്. ചിത്ര. മാറ്റങ്ങളെ പൂർണമായും തള്ളിപ്പറയുന്നില്ല. അവയെ ഗുണപരമായി ഉപയോഗിക്കണമെന്ന് ചിത്ര പറഞ്ഞു. മരിച്ച ആളുകളെപ്പോലും കൺമുന്നിൽ കൊണ്ടുവന്നു നിർത്തുമ്പോൾ ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഈ മാസം ആറിന് ഷാർജയിൽ നടക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.എസ്. ചിത്ര.
ആകെ എത്ര പാട്ടുകൾ പാടിയെന്ന് ചോദിച്ചാൽ ചിതലരിച്ച പാട്ടുപുസ്തകങ്ങളെ ഓർമവരും. 25,000 എന്നൊക്കെ ചിലർ പറയാറുണ്ട്. ഏതായാലും 1,8000ത്തിൽ ഏറെ വരുമെന്നാണ് താൻ കണക്കാക്കുന്നത്.
'ഞാനൊരിക്കലും സംഗീത പരിശീലനം ഒഴിവാക്കാറില്ല. ഒഴിവാക്കിയാൽ നാളെ ഞാനതിന്‍റെ പരിണിതഫലം അറിയും. മറ്റന്നാൾ നിങ്ങളും' പതിവില്ലാത്ത നർമബോധത്തോടെ ചിത്ര പറഞ്ഞു.
മകളുടെ മരണശേഷം ദുബായിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. ദുബായിയോട് എന്തോ ഒരകൽച്ച തോന്നിയിരുന്നു. പിന്നീട് ഇവിടെയുള്ള പ്രവാസി മലയാളകളുടെ സ്നേഹം മൂലം അതെല്ലാം മറന്നുപോയിയെന്ന് ഏഴുവർഷത്തെ ഇടവേളക്ക് ശേഷം ദുബായിലെത്തിയ ചിത്ര പറഞ്ഞു. കേരളത്തേക്കാൾ ഓണം ഗംഭീരമായി ആഘോഷിക്കുന്നത് പ്രവാസലോകത്താണെന്നും അവർ വ്യക്തമാക്കി.
ഹേബ്രോ മീഡിയ ഡയറക്റ്റർമാരായ ഷിനോയ് സോമൻ, അഭി വേങ്ങര, സൽജിൻ കളപ്പുര, ഇ ലോഞ്ച് ഡയറക്റ്റർ സാം ദേവസി, ചലച്ചിത്ര നിർമാതാവ് കണ്ണൻ രവി, ഫർദാൻ എക്സ്ചേഞ്ച് സിഒഒ തരാനാഥ് റായ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ടൈംലെസ് മെലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടിയിൽ പങ്കെടുക്കാനാണ് ചിത്ര ദുബായിൽ എത്തിയത്. സ്റ്റീഫൻ ദേവസ്സി, ഹരിശങ്കർ, ശ്രീരാഗ്, രാജേഷ് ചേർത്തല, അനാമിക തുടങ്ങിയവർ അണിനിരക്കുന്ന നാല് മണിക്കൂർ സംഗീത പരിപാടിയാണ് ഒരുങ്ങുന്നത്.