ദുബായിൽ ഇലക്‌ട്രിക് ബൈക്ക് ഡെലിവറി പദ്ധതി കൂടുതൽ മേഖലകളിലേക്ക്

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വൻ വിജയമായതിനെ തുടർന്ന് ഏഴ് പുതിയ കേന്ദ്രങ്ങളിലേക്ക് കൂടി സേവനം ലഭ്യമാക്കുന്നു
ദുബായിൽ ഇലക്‌ട്രിക് ബൈക്ക് ഡെലിവറി പദ്ധതി കൂടുതൽ മേഖലകളിലേക്ക്

ഇലക്‌ട്രിക് ബൈക്ക് ഡെലിവറി സേവനം വ്യാപകമാക്കുന്നു.

Updated on

ദുബായ്: ദുബായിൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഡെലിവറി സേവനങ്ങളുടെ വേഗവും സുരക്ഷയും വർധിപ്പിക്കുന്നതിനുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി ഇലക്‌ട്രിക് ബൈക്ക് ഡെലിവറി പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വൻ വിജയമായതിനെ തുടർന്ന് ഏഴ് പുതിയ കേന്ദ്രങ്ങളിലേക്ക് കൂടി സേവനം ലഭ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു. അൽ ത്വവാർ ഒന്ന്, അൽ ത്വവാർ രണ്ട്, അൽ ഖിസൈസ് ഒന്ന്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക് ടവേഴ്സ്, ദുബായ് മറീന എന്നിവയാണ് പുതിയതായി തെരഞ്ഞെടുത്ത ഏഴ് മേഖലകൾ.

നേരത്തെ അൽ കരാമ, അൽ ഹംരിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നീ നാല് കേന്ദ്രങ്ങളിലായിരുന്നു പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നത്.

കുറഞ്ഞ ചെലവിൽ കൂടുതൽ സുരക്ഷിതവും വേഗത്തിലുമുള്ള വിതരണ ശൃംഖല ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക ഡെലിവറി ട്രാക്കുകളുടെ ലഭ്യത, വ്യാപാര കേന്ദ്രങ്ങളുടെയും റസ്റ്റോറന്‍റുകളുടെയും സാമീപ്യം, ഉയർന്ന ജനസാന്ദ്രത എന്നിവ മാനദണ്ഡമാക്കിയാണ് പുതിയ മേഖലകൾ തെരഞ്ഞെടുത്തത്.

logo
Metro Vaartha
www.metrovaartha.com