

തൊഴിലാളികൾക്കായി ആഘോഷങ്ങളും സമ്മാനങ്ങളുമൊരുക്കി ദുബായ് ജിഡിആർ എഫ്എ
ദുബായ്: പുതുവർഷത്തെ വരവേൽക്കാൻ ദുബായിലെ തൊഴിലാളികൾക്കായി വലിയ ആഘോഷ പരിപാടികൾ ഒരുങ്ങുന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സുമായി സഹകരിച്ചാണ് അതിവിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. അഞ്ചുലക്ഷം ദിർഹത്തിലധികം മൂല്യമുള്ള സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകും. കാറുകൾ, സ്വർണനാണയങ്ങൾ, സ്വർണക്കട്ടികൾ, മൊബൈൽ ഫോണുകൾ, യാത്രാ ടിക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി ആകർഷക സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
നേരിട്ടും ഓൺലൈനായും തൊഴിലാളികൾക്ക് നറുക്കെടുപ്പുകളിൽ ഭാഗമാകാം.
സിനിമ, സംഗീതലോകത്തെ പ്രമുഖർ അണിനിരക്കുന്ന സ്റ്റേജ് ഷോകളും അരങ്ങേറും. ബോളിവുഡ് നടിമാരായ സരീൻ ഖാൻ, പൂനം പാണ്ഡേ, അനേരി വാജാനി, തന്യ ദേശായി എന്നിവരും പ്രശസ്ത ഗായകരായ സ്നേഹ ഉപാധ്യായ, അങ്കുഷ് ഭരദ്വാജ് എന്നിവരും വേദിയിലെത്തും. ഡിജെ തസ്യ സ്റ്റെപാനോവയുടെ ഡിജെ പെർഫോമൻസും അന്താരാഷ്ട്ര നൃത്തസംഘങ്ങളുടെ ആവേശകരമായ പ്രകടനങ്ങളും വിവിധ രാജ്യങ്ങളുടെ നാടൻകലകളുടെ അവതരണങ്ങളും പുതുവത്സര രാത്രിയെ ഉത്സവാന്തരീക്ഷത്തിലാക്കും.
തുടർച്ചയായ മൂന്നാം വർഷമാണ് തൊഴിലാളി സമൂഹത്തിന് സമർപ്പിച്ചുള്ള നവവത്സരാഘോഷം. അൽ ഖൂസാണ് പ്രധാന വേദി. അൽഖൂസിനൊപ്പം ജെബൽ അലി, മുഹൈസിന തുടങ്ങിയ ലേബർ ക്യാമ്പുകളിലും ആഘോഷങ്ങൾ നടക്കും. ഡിസംബർ 31ന് വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടികൾ അർധരാത്രിവരെ തുടരും.ബ്ലൂ കണക്ട്’ ആപ്ലിക്കേഷൻ വഴിയും തൊഴിലാളികൾക്ക് ലൈവ് സ്ട്രീമിങ്ങിലൂടെയും ഡിജിറ്റൽ ഇടപെടലുകളിലൂടെയും ആഘോഷത്തിൽ പങ്കാളികളാകാം. സൗജന്യ രജിസ്ട്രേഷനിലൂടെ എല്ലാ ഇവന്റുകളിലും നറുക്കെടുപ്പുകളിലും പങ്കെടുക്കാമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.