
ഹാജർ നിയമങ്ങൾ പരിഷ്കരിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
ദുബായ്: യു എ ഇ യിലെ സ്കൂളുകളിൽ ഹാജർ മാനദണ്ഡങ്ങൾ പരിഷ്കരിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. ലീവ് ലെറ്റർ നൽകാതെ ഒരു ടേമിൽ അഞ്ചും ഒരു അധ്യയന വർഷത്തിൽ പതിനഞ്ചും ദിവസത്തിൽ കൂടുതൽ ക്ലാസിൽ ഹാജരാകാത്ത വിദ്യാർഥികൾക്ക് അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നാണ് നിർദേശം. യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് നിയമം ബാധകമാണ്.
കാരണംകൂടാതെ മുടങ്ങുന്ന വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ മുന്നറിയിപ്പ് നൽകും. 3 തവണ മുന്നറിയിപ്പ് നൽകിയിട്ടും വർഷത്തിൽ 15 ദിവസത്തിൽ കൂടുതൽ ലീവെടുക്കുന്നവർ ഒരു വർഷം കൂടി ഇതേ ക്ലാസിൽ തുടരേണ്ടിവരും.
വാരാന്ത്യ, പൊതു അവധി ദിവസങ്ങൾക്കു മുൻപോ ശേഷമോ ഉള്ള ദിവസം അവധിയെടുത്താൽ 2 ദിവസത്തെ അവധിയായി കണക്കാക്കും. ശനി, ഞായർ ദിവസങ്ങളിലാണ് യുഎഇയിൽ വാരാന്ത്യ അവധി. ഷാർജയിലെ സ്കൂളുകൾക്ക് വെള്ളി,ശനി, ഞായർ ദിവസങ്ങളിൽ അവധിയാണ്.
സാധാരണ ലീവ് എടുക്കുന്നവർ തലേദിവസം സ്കൂളിലേക്ക് ഇമെയിൽ അയയ്ക്കണം. രോഗം മൂലമാണ് അവധിയെങ്കിൽ രാവിലെ 8.30ന് മുൻപ് അക്കാര്യം സ്കൂളിലേക്ക് ഇ-മെയിൽ മുഖേന അറിയിക്കുകയും അടുത്ത ദിവസം സ്കൂളിൽ എത്തുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. അടുത്ത ബന്ധുക്കൾ മരിച്ചാൽ 5 ദിവസം വരെ ലീവിന് അർഹതയുണ്ട്.
കൗൺസലിങ്, പേരന്‍റ്സ് മീറ്റിങ്, മോട്ടിവേഷനൽ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഹാജരാകാത്തതും രേഖപ്പെടുത്തും. വിദ്യാർഥികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ മാതാപിതാക്കൾക്ക് തത്സമയം അറിയിപ്പ് ലഭിക്കുന്ന സംവിധാനം ആരംഭിക്കുമെന്നും പറഞ്ഞു.