
ആജീവനാന്ത ഗോൾഡൻ വിസ: തെറ്റായ അവകാശ വാദത്തിൽ മാപ്പു ചോദിച്ച് യുഎഇയിലെ സ്ഥാപനം
ദുബായ്: ആജീവനാന്ത യുഎഇ ഗോൾഡൻ വിസയെക്കുറിച്ചുള്ള തെറ്റായ അവകാശവാദത്തിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂപ്പ് മാപ്പ് ചോദിച്ചു. ഗോൾഡൻ വിസ സംബന്ധിച്ച ഫീസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഗ്രൂപ്പ് ഏറ്റെടുത്തു.
ആജീവനാന്ത വിസ സംബന്ധിച്ച തെറ്റായ വാർത്തകൾക്കെതിരേ ഐസിപി ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് വാർത്തയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാപനം രംഗത്ത് വന്നത്.
റയാദ് ഗ്രൂപ്പും എമിഗ്രേഷൻ സേവനങ്ങളിൽ വൈദഗ്ധ്യമുള്ള അംഗീകൃത പങ്കാളികളും തമ്മിലുള്ള സഹകരണത്തിന്‍റെ ഭാഗമായിട്ടാണ് യോഗ്യരായ വ്യക്തികൾക്ക് ഗോൾഡൻ വിസ അപേക്ഷകൾക്കായി ഉപദേശക പിന്തുണ നൽകാനുള്ള സംരംഭം തുടങ്ങിയത്.
“എല്ലാ വിസാ തീരുമാനങ്ങളും യുഎഇ സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. നിയമപരമായ മാർഗങ്ങളിലൂടെ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് സ്വകാര്യ ഉപദേശക പിന്തുണ നൽകുക മാത്രമാണ് ഞങ്ങളുടെ പരിമിതമായ ജോലി' - റയാദ് ഗ്രൂപ്പ് അധികൃതർ വിശദീകരിക്കുന്നു.
“ഭാവിയിലെ ആശയ വിനിമയങ്ങൾ വ്യക്തവും കൃത്യവും യുഎഇയുടെ കർശന നിയന്ത്രണ ചട്ടക്കൂടുകളുമായി പൊരുത്തപ്പെടുന്നതുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു” -ഗ്രൂപ്പ് വിശദീകരിച്ചു.