
ഷാർജ: യുഎഇയിലെ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചലച്ചിത്ര ഗാനങ്ങളുടെ രചനാരീതിയും പിന്നാമ്പുറ കഥകളും പങ്കുവെയ്ക്കുന്ന 'പാട്ടിന്‍റെ വഴികൾ' എന്ന പരിപാടി നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ കലാനിരൂപകൻ ഇ. ജയകൃഷ്ണൻ മലയാള ചലച്ചിത്ര ഗാന ശാഖയെ സമ്പന്നമാക്കിയ ഗാനരചയിതാക്കളെക്കുറിച്ചും സംഗീത സംവിധായകരെക്കുറിച്ചും സംസാരിച്ചു.
കെ. രാഘവൻ, ദക്ഷിണാമൂർത്തി, ദേവരാജൻ, ബാബുരാജ് മുതലായ സംഗീതജ്ഞർ മലയാളിക്ക് സമ്മാനിച്ച ഗാനങ്ങളിൽ ചിലത് ജയകൃഷ്ണൻ പാടുകയും അവയുടെ രചനാ വഴികളെക്കുറിച്ച് അറിയാക്കഥകൾ പങ്കുവെയ്ക്കുകയും ചെയ്തു. വയലിനിൽ മുസ്തഫ പാടൂർ, തബലയിൽ സുരേന്ദ്രൻ ചാലിശ്ശേരി, ഹാർമോണിയത്തിൽ ബാബു കുമരനെല്ലൂർ എന്നിവർ പിന്നണിയിൽ പിന്തുണയുമായി ഉണ്ടായിരുന്നു.
പി ഭാസ്കരൻ, വയലാർ രാമവർമ, ശ്രീകുമാരൻ തമ്പി, ഒഎൻവി കുറുപ്പ് മുതലായവരുടെ വരികളുടെ ഭംഗിയും അർത്ഥവും ജയകൃഷ്ണൻ വിവരിച്ചത് വേറിട്ടനുഭവമായി.
ചലച്ചിത്രഗാനങ്ങളുടെ പിറവി, രചനാ ചരിത്രം, സംഗീത വഴി, ഗാനാലാപനത്തിലെ പ്രത്യേകത, സംഗീതത്തിന്‍റെ സൗന്ദര്യം എന്നിവ വിശദമായി അദേഹം പ്രതിപാദിച്ചു.
തൊമ്മന്‍റെ മക്കൾ എന്ന ചിത്രത്തിൽ എസ്. ജാനകി പാടിയ ഞാൻ ഉറങ്ങാൻ പോകും മുൻപായി എന്ന ഗാനം ആലപിച്ചുകൊണ്ടാണ് രണ്ടര മണിക്കൂർ നീണ്ട പരിപാടി അദേഹം അവസാനിപ്പിച്ചത്.
'പാട്ടിന്‍റെ വഴികൾ' പരിപാടിയുടെ കൺവീനർ കെ. ഗോപിനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് മോഹൻകുമാർ ഇ. ജയകൃഷ്ണനെ പൊന്നാടയണയിച്ച് ആദരിച്ചു. കലാകാരനായ നിസാർ ഇബ്രാഹിം നിർമിച്ച ശിൽപം കവിയും പ്രഭാഷകനുമായ പി. മണികണ്ഠൻ, ഇ. ജയകൃഷ്ണന് സമ്മാനിച്ചു.
മുസ്തഫ പാടൂർ, സുരേന്ദ്രൻ ചാലിശ്ശേരി, ബാബു കുമരനെല്ലൂർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു അക്ഷരക്കൂട്ടം സിൽവർ ജൂബിലി കമ്മിറ്റി ചെയർമാൻ ഇ.കെ.ദിനേശൻ, ജനറൽ കൺവീനർ റോയി നെല്ലിക്കോട്, ഷാജി ഹനീഫ്, പ്രീതി രഞ്ജിത്ത്, സജ്‌ന അബ്ദുള്ള, ഹമീദ് ചങ്ങരംകുളം, റോജിൻ പൈനുംമൂട്, പ്രവീൺ പാലക്കീൽ, നവാസ് എം.സി എന്നിവർ പ്രസംഗിച്ചു.
പൊന്നാനി കൂട്ടായ്‌മ, പൊന്നാനി എംഇഎസ് കോളെജ് അലുമ്‌നേ എന്നിവയ്ക്ക് വേണ്ടി യാക്കൂബ് ഹസൻ, സക്കീർ, മുജീബ് എന്നിവരുടെ നേതൃത്വത്തിൽ ജയകൃഷ്ണനെയും ഭാര്യ പ്രസീദയെയും ആദരിച്ചു.