

എമിറേറ്റ്‌സ് ടൂർസ് & സഫാരിയുടെ പ്രതിനിധികൾ വേൾഡ് ട്രാവൽ അവാർഡ് ഏറ്റുവാങ്ങുന്നു.
ദുബായ്: ആഗോള ടൂറിസം മേഖലയിലെ ശ്രദ്ധേയമായ അംഗീകാരങ്ങളിൽ ഒന്നായ വേൾഡ് ട്രാവൽ അവാർഡ്‌സ് 2025ന്‍റെ 32-ാം പതിപ്പിൽ, മലയാളി ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ടൂർസ് & സഫാരി മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഡെസേർട്ട് സഫാരി കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിൽ സഞ്ചാരികൾ വോട്ടുചെയ്താണ് ഈ ശ്രദ്ധേയമായ ബഹുമതി കമ്പനിയെ തേടിയെത്തിയത്.
2007ൽ അബുദാബിയിൽ പ്രവർത്തനം ആരംഭിച്ച എമിറേറ്റ്‌സ് ടൂർസ് & സഫാരിക്ക്, ഉയർന്ന സേവന നിലവാരം, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ, സുസ്ഥിര ടൂറിസം രീതികൾ, മരുഭൂമി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിലെ മികവുകൾ പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ, ഒരു ലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ കമ്പനിക്ക് സാധിച്ചു. ദുബായ് മറീനയിലെ ടാറ്റു സ്കൈ ലൗഞ്ചിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ, ആഗോള ട്രാവൽ-ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖ ബ്രാൻഡുകൾ പങ്കെടുത്തു. എമിറേറ്റ്‌സ് ടൂർസിന്‍റെ പ്രതിനിധികളായ ഫൈസൽ അലി, മുഹൈബ് എന്നിവർ വേൾഡ് ട്രാവൽ അവാർഡ്‌സ് സ്ഥാപകനും പ്രസിഡണ്ടുമായ ഗ്രഹാം കുക്കിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ഈ ലോകോത്തര അംഗീകാരം തങ്ങളുടെ ടീമിന്‍റെ കഠിനാധ്വാനത്തിനും ഗുണനിലവാരത്തിലധിഷിഠിതമായ പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമാണെന്ന് മാനേജിംഗ് പാർട്ണറും ഓപ്പറേഷൻ ഇൻചാർജുമായ ഫൈസൽ അലി പറഞ്ഞു. "ഈ അവാർഡ് ഡെസേർട്ട് സഫാരി സേവന മേഖലയിൽ മികച്ച നിലവാരം പുലർത്താനുള്ള ഞങ്ങളുടെ ഉത്തരവാദിത്തം ഇരട്ടിയാക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് ദുബായിലും കേരളത്തിലും ശാഖകളുണ്ട്. കൂടാതെ, ഔട്ട്ബൗണ്ട് ടൂറുകൾക്കായി 'ടൂർ സോൺ ഹോളിഡേസ്' എന്ന പ്രത്യേക സേവനവും ഇവർ നൽകുന്നുണ്ട്. എമിറേറ്റ്‌സ് ടൂർസ് & സഫാരിക്ക് സ്വന്തമായി ഡെസേർട്ട് സഫാരി ക്യാംപ് ഉണ്ട്.