
നിക്ഷേപകർക്ക് 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു: ഈ വർഷം ആദ്യ പകുതിയിലെ വരുമാനം 36000 കോടി രൂപ
അബുദാബി: ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ലുലു ഈ വർഷത്തെ ആദ്യ പകുതിയിൽ 36000 കോടി രൂപ (4.1 ബില്യൺ ഡോളർ) വരുമാനം നേടി. 9.9 ശതമാനം വളർച്ചയോടെ1200 കോടി രൂപയോളം (127 മില്യൺ ഡോളർ) മൊത്ത ലാഭം ലുലു റീട്ടെയ്ൽ സ്വന്തമാക്കി. നിക്ഷേപകർക്കായി 867 കോടി രൂപയുടെ (98.4 മില്യൺ ഡോളർ) ലാഭവിഹിതം ലുലു പ്രഖ്യാപിച്ചു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക.
രണ്ടാം പാദത്തിൽ 4.6 ശതമാനം അധിക വളർച്ച നേടാനായി. പ്രൈവറ്റ് ലേബൽ ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചനിരക്കാണ് നേട്ടത്തിന് കരുത്തേകിയത്. 5037 കോടി രൂപയുടെ (575 മില്യൺ ഡോളർ) നേട്ടത്തോടെ 3.5 ശതമാനം വളർച്ച പ്രൈവറ്റ് ലേബലിൽ (ലുലു പ്രൈവറ്റ് ലേബൽ പ്രൊഡക്റ്റ്സ്) കൈവരിച്ചു. റീട്ടെയ്ൽ വരുമാനത്തിന്‍റെ 29.7 ശതമാനം പ്രൈവറ്റ് ലേബലിൽ നിന്നാണ്.
952 കോടി രൂപയുടെ (108 മില്യൺ ഡോളർ) നേട്ടത്തോടെ 43.4 ശതമാനം വളർച്ചാനിരക്ക് ഇ കൊമേഴ്സിനുണ്ട്. 7.6ശതമാനം വളർച്ചയോടെ 418 മില്യൺ ഡോളറാണ് EBITDA മാർജിൻ. ലുലുവിന് യുഎഇയിൽ 9.4 ശതമാനം വളർച്ചയും, സൗദി അറേബ്യയിൽ 3.8 ശതമാനം വളർച്ചയും കുവൈത്തിൽ 4.9 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
വിപുലമായ വികസന പദ്ധതികളാണ് ലുലു ഗ്രൂപ്പ് ഇപ്പോൾ നടപ്പാക്കുന്നത്. 2025ലെ ആദ്യ പകുതിയിൽ മാത്രം ഏഴ് പുതിയ സ്റ്റോറുകളും ജൂലൈയിൽ നാല് പുതിയ സ്റ്റോറുകളും ഉൾപ്പടെ11 സ്റ്റോറുകൾ ഈ വർഷം തന്നെ തുറന്ന് കഴിഞ്ഞു. 9 പുതിയ സ്റ്റോറുകൾ കൂടി ഉടൻ യാഥാർഥ്യമാക്കുമെന്നും റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കി നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിനും മികച്ച നേട്ടമാണ് ലഭിച്ചത്. 1 മില്യൺ പുതിയ അംഗങ്ങളോടെ 7.3 മില്യൺ പേർ ഹാപ്പിനെസ് പ്രോഗ്രാമിൽ അംഗങ്ങളായി.