

ഗ്ലോബ് ടോപ്പറും, ലുലു എക്സ്ചേഞ്ചും പുതിയ കരാറിൽ ഒപ്പുവെച്ചു
ദുബായ്: ബിസിനസുകൾക്കുള്ള ഡിജിറ്റൽ ഗിഫ്റ്റിങ് സേവനങ്ങൾ നൽകുന്ന യുഎസ് കമ്പനിയായ ഗ്ലോബ് ടോപ്പറും, യുഎഇയിലെ പ്രമുഖ ധനകാര്യസ്ഥാപനമായ ലുലു എക്സ്ചേഞ്ചും പുതിയ കരാറിൽ ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിലൂടെ ഗ്ലോബ്ടോപ്പർ മിഡിൽ ഈസ്റ്റിൽ തങ്ങളുടെ പ്രവർത്തനത്തിന് തുടക്കം കുറിക്കും. ഇതിലൂടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് പുതിയതും പ്രയോജനകരവുമായ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ വേഗത്തിൽ എത്തിക്കാൻ ലുലു എക്സ്ചേഞ്ചിന് കഴിയും.
ഈ പങ്കാളിത്തത്തിലൂടെ ലുലു എക്സ്ചേഞ്ച് ഉപയോക്താക്കൾക്ക് വിസ, മാസ്റ്റർകാർഡ്, ഡിജിറ്റൽ ഗിഫ്റ്റ് കാർഡുകൾ ഉൾപ്പെടെ 65 രാജ്യങ്ങളിലായി 4000 ഡിജിറ്റൽ ഗിഫ്റ്റ് കാർഡ് ബ്രാൻഡുകൾ ലഭ്യമാകും.
കൂടാതെ 120 രാജ്യങ്ങളെ ഉൾക്കൊള്ളുന്ന ഗ്ലോബ്ടോപ്പറിന്‍റെ ഇ-സിം മൊബൈൽ ഡാറ്റ ടോപ്പ്-അപ്പ് സേവനങ്ങളും, യുഎഇ നിവാസികൾക്കും യാത്രക്കാർക്കും ലഭിക്കുമെന്ന് ഗ്ലോബ്‌ടോപ്പറിന്‍റെ സ്ഥാപകനും സിഇഒയുമായ ക്രെയ്ഗ് സ്പാൻ പറഞ്ഞു. ലാറ്റിൻ അമേരിക്ക, കാനഡ, യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ആഗോളതലത്തിൽ സാന്നിധ്യം വിപുലമാക്കുമ്പോൾ, ഇതുപോലുള്ള പങ്കാളിത്തങ്ങൾക്കുള്ള ഇന്നൊവേഷൻ ഹബ്ബായി തങ്ങളുടെ യുഎഇ ഓഫീസ് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക സാമ്പത്തിക സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രധാന ഭാഗമായ ക്രോസ്-ബോർഡർ ഡിജിറ്റൽ കൊമേഴ്‌സിന് ഈ സഹകരണം പുതിയ അവസരങ്ങൾ നൽകുന്നുവെന്ന് ലുലു എക്‌സ്‌ചേഞ്ച് സിഇഒ തമ്പി സുദർശനൻ പറഞ്ഞു.