
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ലുലു എക്സ്ചേഞ്ച് - ക്രോ യുഎഇ ബോധവത്കരണം
ദുബായ്: യുഎഇ യിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചും ക്രോ യുഎഇ യും സംയുക്തമായി സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഉപയോക്തൃ സംരക്ഷണ ബോധവൽക്കരണ പരിപാടി നടത്തി. ഇതോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിക്കുന്ന യുഎഇയിലെ ആദ്യത്തെ എക്സ്ചേഞ്ച് സ്ഥാപനമായി ലുലു എക്സ്ചേഞ്ച് മാറി.
യുഎഇയിലെ ഡിഎൻഎഫ്ബിപി മേഖലയിൽ നിന്നുള്ള 500-ൽ അധികം പ്രൊഫഷണലുകൾ പരിപാടിയിൽ പങ്കെടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയമങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു പരിപാടിയുടെ സുപ്രധാന ലക്ഷ്യം. എഎംഎൽ/സിഎഫ്ടി പരിശീലനം, പാനൽ ചർച്ച, ഉപയോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള ഓറിയന്‍റേഷൻ എന്നിവ പരിപാടിയിൽ സംഘടിപ്പിച്ചു.
ആന്‍റി മണി ലോണ്ടറിങ് കംപ്ലയൻസ് മേഖലയിലെ പ്രമുഖ വിദഗ്ധർ ക്ലാസെടുത്തു. പങ്കെടുത്തവർക്ക് ക്രോ യുഎഇ അക്കാദമിയുടെ സർട്ടിഫിക്കറ്റുകൾ നൽകി. "സാമ്പത്തിക ആവാസവ്യവസ്ഥയുടെ സമഗ്രത സംരക്ഷിക്കുകയും ഉപയോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തമായി ഞങ്ങൾ കാണുന്നു.' - ലുലു എക്സ്ചേഞ്ച് യുഎഇ സിഇഒ ശ്രീ. തമ്പി സുദർശനൻ പറഞ്ഞു.
"സാമ്പത്തിക കുറ്റകൃത്യ പ്രതിരോധത്തെക്കുറിച്ച് അറിവ് പങ്കുവയ്ക്കുന്നതിനും ബോധവത്ക്കരണം വർധിപ്പിക്കുന്നതിനും ക്രോ യുഎഇ പ്രതിജ്ഞാബദ്ധമാണ്. യുഎഇയിലെ ബിസിനസ് സമൂഹത്തിന്‍റെ വിശ്വാസത്തിന്‍റെയും ശക്തിയുടെയും അടിസ്ഥാനമാണിത്"- ക്രോ യുഎഇയുടെ പാർട്ണർ ഡോൺ തോമസ് പറഞ്ഞു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്‍റെ ഭാഗമാണ് ലുലു എക്സ്ചേഞ്ച്.