
ദുബായ് ഔഖാഫുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ച് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പാക്കാൻ തീരുമാനം
ദുബായ്: ദുബായ് എമിറേറ്റിൽ ഹൈപ്പർ മാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും ഉൾപ്പെടെ വിവിധ റീട്ടെയിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിന് ദുബായ് ഔഖാഫും ലുലു ഗ്രൂപ്പും ധാരണയിലെത്തി. ദുബായ് ഔഖാഫ് ആൻഡ് മൈനേഴ്സ് അഫേഴസ് ഫൗണ്ടേഷൻ ചെയർമാൻ ഈസ അബ്ദുള്ള അൽ ഗുറൈർ, ലുലു ഗ്രുപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ദുബായ് ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുത്തവ, ലുലു റീട്ടെയ്ൽ ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം. എ സലിം എന്നിവർ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങളടക്കം ദുബായിൽ വരാനിരിക്കുന്ന കമ്യൂണിറ്റി പദ്ധതികൾ ഔഖാഫിന്‍റെ സഹകരണത്തോടെ ലുലു യാഥാർത്ഥ്യമാക്കും. റീട്ടെയിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബായ് അൽ ഖവാനീജ് 2 ൽ തുടങ്ങും. റീട്ടെയിൽ സേവനങ്ങൾ നൽകുന്നതിനായി ലുലുവിനെ തെരഞ്ഞെടുത്തതിൽ ദുബായ് ഭരണ നേതൃത്വത്തിനും ദുബായ് ഔഖാഫിനും യൂസഫലി നന്ദി പറഞ്ഞു.
ഔഖാഫിന്‍റെ വിവിധ പദ്ധതികളിലൂടെ ഹൈപ്പർ മാർക്കറ്റുകളുൾപ്പെടെയുള്ള റീട്ടെയ്ൽ സേവനങ്ങൾ കൂടുതൽ വിപുലമായി പൊതു സമൂഹത്തിന് ലഭ്യമാക്കുന്നതിന് ഔഖാഫും ലുലുവും തമ്മിലുള്ള സഹകരണം വഴിതുറക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു .