മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്: ദീർഘകാല കരാറിൽ ഒപ്പുവച്ച് ലുലുവും തമാനി ഗ്ലോബലും

രണ്ട് ദിവസമായി മസ്കറ്റിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്മെന്‍റ് ഫോറത്തിന്‍റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Lulu Group to manage Mall of Muscat: Lulu and Tamani Global sign long-term agreement

മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്: ദീർഘകാല കരാറിൽ ഒപ്പുവെച്ച് ലുലുവും തമാനി ഗ്ലോബലും

Updated on

മസ്കറ്റ്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കറ്റിന്‍റെ നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇതു സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും ഒപ്പുവെച്ചു. ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എ.വി. ആനന്ദും, തമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൾ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പു വച്ചത്.

രണ്ട് ദിവസമായി മസ്കറ്റിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്മെന്‍റ് ഫോറത്തിന്‍റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാൽ) മുതൽമുടക്കിൽ നിർമിച്ച മാളിലെ സൗകര്യങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും ഉപഭോക്തൃ സേവനം മികച്ചതാക്കാനുമാണ് ലുലു ഹോൾഡിങ്സും തമാനി ഗ്ലോബലും കൈകോർക്കുന്നത്.

ധാരണ പ്രകാരം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസറായി തമാനി ഗ്ലോബൽ ലുലു ഹോൾഡിങിസിനൊപ്പം പ്രവർത്തിക്കും. ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുള്ള മാൾ ഓഫ് മസ്കറ്റിൽ ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ൽ ഔട്ട്ലെറ്റുകളുണ്ട്.

മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനു അവസരം നൽകിയ ഒമാൻ സുൽത്താനും ഒമാൻ ഭരണകൂടത്തിനും നന്ദി പറയുന്നുവെന്നും എം.എ. യൂസഫലി വ്യക്തമാക്കി. 'ഒമാൻ സുൽത്താന്‍റെ ദീർഘവീക്ഷണമുള്ള നയങ്ങൾ മൂലം മികച്ച നിക്ഷേപ സൗഹൃദ സാഹചര്യമാണ് ഒമാനിലുള്ളത്.

ദീർഘകാലത്തേക്കുള്ള പങ്കാളിത്തമാണിത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം' യൂസഫലി കൂട്ടിച്ചേർത്തു. ആഗോള നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാൻ ലുലു ഹോൾഡിങ്സുമായുള്ള സഹകരണം സഹായകമാകുമെന്ന് തമാനി ഗ്ലോബൽ ബോർഡ് അംഗം അബ്ദുൽ അസീസ് സലിം അൽ മഹ്രുഖി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com