
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
ദമ്മാം: സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്‍റെ ഭാഗമായി ദമ്മാം അൽ ഒറൂബയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ വെസ്റ്റ് ദമ്മാം മുൻസിപ്പാലിറ്റി മേധാവി എഞ്ചിനീയർ ഫായിസ് അൽ അസ്മാരി, അൽബീർ അസോസിയേഷൻ ജനറൽ സെക്രട്ടറി എഞ്ചിനീയർ ഇബ്രാഹിം അബു അബ്ഹ എന്നിവർ ചേർന്ന് പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്‍റെ സാന്നിദ്ധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കൂടുതൽ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.
81,268 ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ്, വീട്ടുകരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, സ്റ്റേഷനറി, കളിപ്പാട്ടങ്ങൾ തുടങ്ങിയവുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും പ്രഖ്യാപിച്ചു. മികച്ച പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.