ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടം നേടി മലയാളിയും ലുലു ഡയറക്ടറുമായ വി. നന്ദകുമാർ

അഞ്ച് വർഷത്തിലൊരിക്കൽ പുറത്തിറക്കുന്ന ഈ പട്ടികയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനശേഷിയുള്ള 101 മാർക്കറ്റിംഗ് പ്രൊഫഷണലുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Malayali and Lulu director V. Nandakumar makes it to Forbes Middle East list

ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഇടം നേടി മലയാളിയും ലുലു ഡയറക്ടറുമായ വി. നന്ദകുമാർ

Updated on

അബുദാബി: ഫോർബ്സ് മിഡിൽ ഈസ്റ്റ് പ്രസിദ്ധീകരിച്ച 'മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ സിഎംഒസ് 2026' പട്ടികയിൽ മലയാളിയും ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്റ്ററുമായ വി. നന്ദകുമാർ ഇടം നേടി. അഞ്ച് വർഷത്തിലൊരിക്കൽ പുറത്തിറക്കുന്ന ഈ പട്ടികയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനശേഷിയുള്ള 101 മാർക്കറ്റിംഗ് പ്രൊഫഷണലുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫോർബ്സ് മിഡിൽ ഈസ്റ്റിന്‍റെ 2020-ലെ പട്ടികയിലും ഇടം നേടിയിരുന്ന തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ, രണ്ട് പതിപ്പുകളിലും തുടർച്ചയായി അം​ഗീകാരം നേടുന്ന ഏക മലയാളിയാണ്. അഡ്‌നോക്, ഇ ആൻഡ്, ദുബായ് ഹോൾഡിംഗ് തുടങ്ങിയ മിഡിൽ ഈസ്റ്റിലെ മുൻനിര സ്ഥാപനങ്ങളിലെ മാർക്കറ്റിംഗ് മേധാവികൾക്കൊപ്പമാണ് നന്ദകുമാർ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പം പ്രവർത്തിക്കുന്ന നന്ദകുമാറിന് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കൊപ്പം ചേർന്ന് ഗ്രൂപ്പിന്‍റെ ആഗോള വളർച്ച, ബ്രാൻഡ് വികസനം, ഇ-കൊമേഴ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കേരളത്തിലെ വിവിധ പദ്ധതികൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഈജിപ്ത്, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ ആധിപത്യം പുലർത്തുന്ന പട്ടികയിലാണ് ഈ മലയാളി തിളക്കമാർന്ന ഇടം സ്വന്തമാക്കിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com