അപൂർവ കരൾ രോഗത്തിന് നൂതന ചികിത്സ നൽകി മലയാളി ഡോക്ടർ; വൻ വിലയുള്ള മരുന്ന് യുഎഇയിൽ ഉപയോഗിക്കുന്നത് ഇതാദ്യം

Malayali doctor provides innovative treatment for rare liver disease in UAE

അപൂർവ കരൾ രോഗത്തിന് നൂതന ചികിത്സ നൽകി മലയാളി ഡോക്ടർ; വൻ വിലയുള്ള മരുന്ന് യുഎഇയിൽ ഉപയോഗിക്കുന്നത് ഇതാദ്യം

Updated on

അബുദാബി: കരളിൽ വിഷ മെറ്റബോളൈറ്റുകൾ രൂപപ്പെടുന്ന അപൂർവ രോഗത്തിന് യുഎഇയിൽ നൂതന ചികിത്സ നൽകി മലയാളി ഡോക്ടർ നിയാസ് ഖാലിദ്. പത്തു ലക്ഷത്തിൽ അഞ്ചുപേരെ മാത്രം ബാധിക്കുന്ന അപൂർവ അവസ്ഥയായ അക്യൂട്ട് ഇന്‍റർമിറ്റന്‍റ് ഹെപ്പാറ്റിക് പോർഫിറിയ (എഐപി) ബാധിച്ച യുഎഇ സ്വദേശി മുഹമ്മദിന്‍റെ ചികിത്സയ്ക്ക് വൻ വിലയുള്ള ഗിവോസിറാൻ മരുന്ന് ആദ്യമായി യുഎഇയിൽ എത്തിച്ചാണ് ഡോക്ടർ നിയാസ് ഖാലിദ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഡിപ്പാർട്ടമെന്‍റ് ഓഫ് ഹെൽത്തിന്‍റെ പിന്തുണയോടെയാണ് ഗുരുതര ആരോഗ്യ നിലയിലായിരുന്ന മുഹമ്മദിന് ഈ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ലഭ്യമാക്കിയത്.

കഠിനമായ വയറുവേദന, നിരന്തരമായ ക്ഷീണം, ശരീരഭാരം കുറയൽ തുടങ്ങിയ ആരോഗ്യ പ്രശ്‍നങ്ങളുമായാണ് 21 വയസുള്ള മുഹമ്മദ് ഒന്നരവർഷം മുൻപ് ബിഎംസിയിൽ എത്തിയത്. ഡോ. നിയാസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ രോഗം നിർണയിക്കപ്പെട്ടതിനെ തുടർന്നാണ് മാസത്തിൽ ഒരു തവണ നൽകേണ്ട വില കൂടിയ ഇഞ്ചക്ഷൻ യുഎഇയിൽ ലഭ്യമാക്കാനായി ഡിഒഎച്ച് പിന്തുണയോടെ നടപടി തുടങ്ങിയത്. ഒരു ഡോസിന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന മരുന്ന് ആരോഗ്യ വകുപ്പിന്‍റെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്‍റർ നടത്തിയ വിലയിരുത്തലിന് ശേഷമാണ് യുഎഇയിൽ എത്തിച്ചത്. ശരീരത്തിലെ വിഷ മെറ്റബോളിറ്റുകളുടെ അളവ് ഫലപ്രദമായി കുറച്ചുകൊണ്ടാണ് ഗിവോസിറാൻ ശരീരത്തിൽ പ്രവർത്തിക്കുന്നത്. ആദ്യ ഇഞ്ചക്ഷൻ നൽകിയപ്പോൾ തന്നെ മുഹമ്മദിന്‍റെ ആരോഗ്യ നിലയിൽ ഗുണപരമായ മാറ്റമുണ്ടായി.

"ചില ജനിതക രോഗങ്ങൾ അസാധാരണമായ രീതിയിലാണ് കാണപ്പെടുക. എന്നാൽ മികച്ച പരിശോധനകളിലൂടെയും വൈദഗ്ധ്യത്തിലൂടെയും രോഗ നിർണ്ണയം സാധ്യമാകുമെന്നതിന് ഉദാഹരണമാണ് മുഹമ്മദിന്‍റെ കേസ്. ഇതിലൂടെ രാജ്യത്തെ അംഗീകൃത മരുന്നുകളുടെ പട്ടികയിൽ ഗിവോസിറാൻ ഔദ്യോഗികമായി ലഭ്യമാക്കാൻ കഴിഞ്ഞത് കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ വഴിയൊരുക്കും."-പെരിന്തൽമണ്ണ സ്വദേശി ഡോ.നിയാസ് ഖാലിദ് പറഞ്ഞു. ഡോ. നിയാസ് ഖാലിദിന്‍റെയും ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകരുടെയും പിന്തുണ ഏറെ സഹായകരമായെന്ന് മുഹമ്മദിന്‍റെ മാതാവ് ഫാത്തിമ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com