
ഹജ് തീർഥാടകർക്ക് ആരോഗ്യ സേവനമൊരുക്കാൻ മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ജിദ്ദ: ഈ വർഷത്തെ ഹജ് തീർഥാടകർക്കുള്ള സമ്പൂർണ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനുള്ള അവസരം ലഭിച്ചത് മലയാളി ഉടമസ്ഥതയിൽ ഉള്ള കമ്പനിക്ക്. യുഎഇ യിലെ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്‍റെ റെസ്പോൺസ് പ്ലസ് ഹോൾഡിങാണ് ഹാജിമാർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് പ്ലസിന്‍റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിലൂടെയാണ് തീർഥാടകർക്ക് ഓൺ സൈറ്റ് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകി വരുന്നത്.
ആദ്യമായാണ് മലയാളിയുടെ ഉടസ്ഥതയിലുള്ള ഒരു ആരോഗ്യ സ്ഥാപനത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ, അടിയന്തര ചികിത്സാ ദാതാവാണ് റെസ്പോൺസ് പ്ലസ് ഹോൾഡിങ്.
ഇന്ത്യയിൽ നിന്നുൾപ്പെടെ ഏകദേശം മൂന്ന് ദശലക്ഷത്തിലധികം തീർഥാടകരാണ് ഓരോ വർഷവും ഹജ്ജിനായി സൗദി അറേബ്യയിൽ എത്തുന്നത്. ഇവർക്ക് വേണ്ടി ഹജ്ജിന്‍റെ പ്രധാന സ്ഥലങ്ങളിലായി റെസ്പോൺസ് പ്ലസിന്‍റെ 18 ക്ലിനിക്കുകളാണ് പ്രവർത്തിച്ചു വരുന്നത്. 350 വിദഗ്ധരടങ്ങുന്ന സംഘമാണ് ക്ലിനിക്കുകളിൽ ചികിത്സ നൽകുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള 125 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.
"ഹജ്ജിനെത്തുന്ന എല്ലാവർക്കും അടിയന്തര ആരോഗ്യ സേവനങ്ങൾ ഏറ്റവും വേഗത്തിൽ നൽകുക എന്നതാണ് ആർപിഎമ്മിന്‍റെ ലക്ഷ്യം. കഴിഞ്ഞ രണ്ടാഴ്ചയായി കർശന തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയത്," ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു.
നിലവിൽ 65-ലധികം രാജ്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ നൽകുന്ന കമ്പനിക്ക് 426 ആംബുലൻസുകളുണ്ട. ഗാസയിലെ കുട്ടികൾക്ക് വൈദ്യ സഹായം എത്തിക്കാനുള്ള ഡോ. ഷംഷീറിന്‍റെ ദൗത്യത്തിലും ആർപിഎം പങ്കാളിയായിട്ടുണ്ട്.