
ടെഹ്റാനിൽനിന്നെത്തിയ ഫാദില ഡൽഹി വിമാനത്താവളത്തിൽ .
ന്യൂഡൽഹി: ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് ഇറാനിൽ നിന്നു ഡൽഹിയിലെത്തിയ പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരനെ നാട്ടിലെത്തിച്ചു.
മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. ഇറാനിലെ ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എംബിബിഎസ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. 2024 സെപ്റ്റംബറിലാണ് ഫാദില ഇവിടെ മെഡിസിൻ പഠനത്തിനായി എത്തിയത്.
ഫാദിലയെ കൊച്ചിയിലെത്തിച്ചപ്പോൾ
പിതാവ് മുഹമ്മദ് കച്ചക്കാരൻ സൗദിയിൽ സിവിൽ എൻജിനീയറാണ്. ഫാദിലയെ സ്വീകരിക്കാൻ പിതാവ് ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. രാത്രി തന്നെ ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്കു തിരിച്ചു.
സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്ന മലയാളികൾക്ക് നാട്ടിലേക്കു മടങ്ങാൻ സൗകര്യം ഒരുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ അഡീഷണൽ റസിഡന്‍റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാക്വേഷേൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.