60 വർഷം മുൻപ് പാസ്പോർട്ടിൽ 'സ്റ്റാമ്പി'ല്ലാതെ ദുബായിലെത്തിയ മലയാളി; സവിശേഷ മുദ്ര പതിപ്പിച്ച് ദുബായ് ഇമിഗ്രേഷന്‍റെ ആദരം

നവതി ആഘോഷിക്കുന്ന വർഷത്തിൽ ജമാലുദ്ദിൻ ഹാജിയുടെ മകനാണ് പിതാവിന്‍റെ ആഗ്രഹം സാക്ഷാത്കരിക്കാൻ ദുബായ് ഇമിഗ്രേഷൻ അധികൃതരെ സമീപിച്ചത്.
Malayali who arrived in Dubai without a 'stamp' in his passport 60 years ago

60 വർഷം മുൻപ് പാസ്പോർട്ടിൽ 'സ്റ്റാമ്പി'ല്ലാതെ ദുബായിലെത്തിയ മലയാളി

Updated on

ദുബായ്: ആറു പതിറ്റാണ്ട് മുൻപ് കൃത്യമായി പറഞ്ഞാൽ 1965 ഫെബ്രുവരി 26 നാണ് മാവേലിക്കര സ്വദേശിയായ എൻ ജമാലുദ്ദിൻ ഹാജി ബോംബെയിൽ നിന്ന് കപ്പൽ മാർഗം ദുബായ് തീരത്തെത്തിയത്. ഇന്ന് നിലനിൽക്കുന്ന രീതിയിൽ തുറമുഖ പ്രവേശന ചട്ടങ്ങളോ വ്യവസ്ഥകളോ ഇല്ലാതിരുന്ന കാലത്ത് ജമാലുദ്ദിന്‍റെ പാസ്സ്പോർട്ടിൽ പ്രവേശന സ്റ്റാമ്പ് പതിപ്പിച്ചിരുന്നില്ല. അറുപത് സംവത്സരങ്ങൾക്കിടയിൽ ദുബായുമായുള്ള ആത്മബന്ധം വളർന്നു.ദുബായ് ഖിസൈസിൽ ക്രസന്‍റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപിച്ചു. സാമൂഹ്യ- വിദ്യാഭ്യാസ മേഖലയിൽ സജീവമായി. ഇതൊക്കെയാണെങ്കിലും ആദ്യമായി ദുബായുടെ മണ്ണിൽ കാലുകുത്തിയതിന്‍റെ അടയാളമായ 'എൻട്രി സ്റ്റാമ്പ്' പാസ്സ്പോർട്ടിൽ ഇല്ലാതിരുന്നത് വർഷങ്ങളോളം ഒരു മോഹ ഭംഗമായി മനസ്സിൽ നിന്നു.

നവതി ആഘോഷിക്കുന്ന വർഷത്തിൽ ജമാലുദ്ദിൻ ഹാജിയുടെ മകനാണ് പിതാവിന്‍റെ ആഗ്രഹം സാക്ഷാത്കരിക്കാൻ ദുബായ് ഇമിഗ്രേഷൻ അധികൃതരെ സമീപിച്ചത്. ജി ഡി ആർ എഫ് എ നേതൃത്വം ഈ അഭ്യർത്ഥന അംഗീകരിച്ചതോടെ ചരിത്ര നിമിഷം പിറവി കൊണ്ടു.

ജമാലുദ്ദീന് വേണ്ടി ദുബായ് എയർപോർട്സ് പ്രത്യേക ഇമിഗ്രേഷൻ മുദ്ര തയ്യാറാക്കി. പിന്നീട് അദ്ദേഹത്തിന്‍റെ പാസ്പോർട്ടിൽ ആദ്യ പ്രവേശന മുദ്ര പതിച്ചു നൽകി ദുബായ് ഇമിഗ്രേഷൻ ഔദ്യോഗികമായി മാവേലിക്കര കൊള്ളക്കടവ് സ്വദേശി എൻ.ജമാലുദ്ദീൻ ഹാജിയെ ആദരിച്ചു.

'ഇത് വെറുമൊരു രേഖയല്ല, ദുബായോടുള്ള ആത്മബന്ധത്തിൻെറയും കടപ്പാടിന്‍റെയും പ്രതീകമാണ്'-

അഭിമാനത്തോടെ ജമാലുദ്ദീൻ ഹാജി പ്രതികരിച്ചു.

സേവനത്തിന്‍റെയും വിനയത്തിന്‍റെയും പ്രതീക്ഷയുടെയും പാരമ്പര്യത്തിന്‍റെയും മുദ്രയാണിതെന്ന് ദുബായ് എയർപോർട്സ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

1984-ൽ അദ്ദേഹം ആരംഭിച്ച ക്രസൻറ് ഇംഗ്ലീഷ് സ്കൂളിൽ ഇന്ന് 1,700-ലേറെ വിദ്യാർഥികൾ പഠിക്കുന്നു.

സാധാരണക്കാർക്ക് താങ്ങാനാവുന്ന വിധത്തിൽ 3,409 ദിർഹം മുതലാണ് ഈ സ്കൂളിൽ വാർഷിക ഫീസ് ആരംഭിക്കുന്നത്.

തന്‍റെ മൂല്യബോധത്തിന്‍റെ ഉറവിടം ദുബായുടെ മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ആണെന്ന് അദ്ദേഹം പറയുന്നു.

ക്രസൻറ് സ്കൂളിലെ വിദ്യാർഥികൾക്കായി 'ബിഹൈൻഡ് ദ് സീൻസ്' എന്ന പേരിൽ ദുബായ് രാജ്യാന്തര വിമാനത്താവളം സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com