ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയിൽ

വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയതും സ്ത്രീധനപീഡനവും മൂലം ജീവനൊടുക്കിയതെന്ന് സംശയം
Malayali woman and child found dead in Sharjah

വിപഞ്ചിക,  വൈഭവി

Updated on

ഷാർജ: മലയാളി വീട്ടമ്മയെയും ഒന്നര വയസുള്ള മകളെയും ഷാർജ അൽ നഹ്ദയിലെ താമസയിടത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്‍റെ ഭാര്യ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. കുഞ്ഞിന്‍റെ മരണത്തിന് അമ്മയാണ് ഉത്തരവാദിയെന്ന് അധികൃതർ സൂചിപ്പിച്ചു. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ നിതീഷും കുറച്ച് കാലമായി അകന്നാണ് താമസിക്കുന്നത്.

സ്ത്രീധനത്തിന്‍റെ പേരിൽ നിതീഷ് വിപഞ്ചികയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ വിവാഹമോചനത്തിന് വിപഞ്ചിക തയ്യാറായിരുന്നില്ല. വിവാഹമോചനമുണ്ടായാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും അമ്മയോടും പറയുമായിരുന്നു.

കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നതായി സൂചനയുണ്ട്.

ഇതേ തുടർന്നാണ് വിപഞ്ചിക മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത് എന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തെത്തി യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം ആശുപത്രിയിലേയ്ക്കും പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലാബിലേയ്ക്കും മാറ്റി. അൽ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ തീരുമാനമായ ശേഷമേ സംസ്‌കാരം ഉണ്ടാവൂ.

കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയൻ-ഷൈലജ ദമ്പതികളുടെ മകളാണ് വിപഞ്ചിക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com