ബിസിനസ് ലേഖകൻ
കൊച്ചി: ഗള്ഫിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തില് ഗണ്യമായ കുറവ് ദൃശ്യമാകുന്നു. മലയാളികള് യൂറോപ്പിലേക്കും അമെരിക്കയിലേക്കും ക്യാനഡയിലേക്കും അഭിവൃദ്ധി തേടി പോകുമ്പോള് ഉത്തര്പ്രദേശ്, ബീഹാര് എന്നിവിടങ്ങളില് നിന്നുള്ള തൊഴിലാളികള് യുഎഇയിലെ തൊഴില് മേഖലയില് ഉയരുകയാണെന്ന് പുതിയ പഠന റിപ്പോര്ട്ടില് പറയുന്നു.
ഉയര്ന്ന ശമ്പളവും മികച്ച തൊഴില് സാഹചര്യങ്ങളും ഇന്ത്യയില് നിന്നുള്ള കുടിയേറ്റത്തിന്റെ സ്വഭാവത്തില് മാറ്റം വരുത്തുകയാണെന്ന് യുഎഇ ആസ്ഥാനമായ ഹന്റര് എന്ന സര്ക്കാരിതര ഏജന്സി നടത്തിയ സര്വെ വ്യക്തമാക്കി. യുഎഇയില് എത്തുന്ന മറുനാടന് തൊഴിലാളികളെയും വിദേശ സംരംഭകരെയും മറ്റ് വിഭാഗങ്ങളെയും ഉള്പ്പെടുത്തി കുടിയേറ്റ രംഗത്തെ പുതിയ ട്രെന്ഡുകളും മാറുന്ന ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളും വിശദമായി പരിശോധിക്കുന്ന സര്വെ ഒരു ലക്ഷം പേരെ ഉള്പ്പെടുത്തിയാണ് പൂര്ത്തിയാക്കിയത്.
സര്വെ ഫലം അനുസരിച്ച് ഏകദേശം 21 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില് തൊഴിൽ ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്ഷത്തിനിടെ കേരളത്തില് നിന്നുള്ള കുടിയേറ്റക്കാരില് 80 ശതമാനത്തിലധികം കുറവുണ്ടായി. കേരളത്തില് നിന്നുള്ള അവിദഗ്ധ തൊഴിലാളികളുടെ വിടവ് പ്രധാനമായും നികത്തുന്നത് ഉത്തര്പ്രദേശ്, ബീഹാര്, പശ്ചിമ ബംഗാള്, തമിഴ്നാട് എന്നിവിടങ്ങളില് നിന്നുള്ളവരാണെന്നും റിപ്പോര്ട്ടില് പറയുന്നു. ഗള്ഫ് മേഖലയില് സൗദി അറേബ്യ, യുഎഇ, ഖത്തര്, കുവൈറ്റ്, ഒമാന് എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില് നിന്നുള്ള തൊഴിലാളികളുടെ വരവ് കുത്തനെ കൂടുന്നത്. 20 മുതല് 40 വയസ് വരെ പ്രായമുള്ളവരാണ് ബ്ലൂ കോളര് തൊഴിലുകള് തേടി വലിയ തോതില് ഗള്ഫ് രാജ്യങ്ങളില് എത്തുന്നത്.
പുരുഷന്മാരാണ് ഗള്ഫ് മേഖലയില് നേരത്തെ കുടിയേറ്റം നടത്തിയിരുന്നതെങ്കിലും നിലവില് സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിലും വലിയ വർധനയാണ് ദ്യശ്യമാകുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിലാണ് സ്ത്രീ സാന്നിധ്യം ഗണ്യമായി കൂടുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവര് മുതല് ഹയര് സെക്കൻഡറി യോഗ്യതയുള്ളവരാണ് തൊഴില് തേടിയെത്തുന്നവരില് കൂടുതലെന്ന് പഠന റിപ്പോര്ട്ടില് പറയുന്നു.
നിര്മാണ, വ്യവസായ, ഹോസ്പിറ്റാലിറ്റി മേഖലകള് മികച്ച ഉണര്വ് നേടുന്നതിനാല് അടുത്ത വര്ഷവും ഇന്ത്യയില് നിന്നും തൊഴില് തേടി ഗള്ഫില് എത്തുന്നവരുടെ എണ്ണത്തില് വന് കുതിപ്പുണ്ടാകുമെന്ന് ഹന്ററിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര് സാമുവല് ജോയ് പറയുന്നു.