ദുബായ്: മാസ്റ്റർ വിഷൻ ഇന്‍റർനാഷണൽ എക്സലൻസ് പുരസ്കാര സമർപ്പണവും ബിസിനസ് കോൺക്ലേവും ഡിസംബർ 20 മുതൽ 22 വരെ നടക്കും. ആദ്യ രണ്ട് ദിവസങ്ങളിൽ ദുബായ് ദേര ക്രൗൺ പ്ലാസ ഹോട്ടലിലാണ് ബിസിനസ് കോൺക്ലേവ് നടക്കുന്നത്. പുരസ്‌കാര സമർപ്പണം 22 തിയതി ദുബായ് ഇന്ത്യൻ ഹൈ സ്കൂൾ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ സി ഇ ഒ യും മാനേജിങ്ങ് ഡയറക്ടറുമായ മുഹമ്മദ് റഫീഖ് അറിയിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണനെ ചടങ്ങിൽ ആദരിക്കും.ഈ വർഷത്തെ മാധ്യമ അവാർഡുകൾക്ക് ,അഭിലാഷ് മോഹൻ, ഹാഷ്‌മി താജ് ഇബ്രാഹിം,നിഷാദ് റാവുത്തർ എന്നിവർ അർഹരായി. സാഹിത്യ രംഗത്ത് യു കെ യിലെ കവിയും എഴുത്തുകാരിയുമായ ലൂണ മോണ്ടിനെഗ്രോ, യു എ ഇ യിലെ കവിയും എഴുത്തുകാരിയും പ്രഭാഷകയുമായ ഷീല പോൾ എന്നിവർക്ക് അവാർഡുകൾ സമ്മാനിക്കും.
ഈ വർഷത്തെ യുവ വനിത വ്യക്തിത്വ പുരസ്‌കാരത്തിന് അക്ബർ ട്രാവൽസ് ഡയറക്ടർ ആഷിയ നാസറിനെയും രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ പുരസ്‌കാരത്തിന് ഷീല ബചലയെയും തിരഞ്ഞെടുത്തു. പുരസ്‌കാര വിതരണ ചടങ്ങിലും ബിസിനസ് കോൺക്ലേവിലും കേന്ദ്ര സംസ്ഥാന മന്ത്രിമാരും സിനിമാ ,സാഹിത്യ, സാംസ്കാരിക, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. രാജ്യാന്തര തലത്തിൽ മികവു പുലർത്തുന്ന സിനിമ, സംഗീതം, സാമൂഹ്യ സേവനം , മീഡിയ( ഇന്ത്യ, യുഎഇ), ബിസിനസ്,ദൃഢനിശ്ചയ വിഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് എക്സലന്‍സ് അവാർഡ് നല്‍കുന്നത്. ഡിസംബർ 20 നും 21 നും ദേര ക്രൗൺ പ്ലാസ അൽ തുറയ ബാൾ റൂമിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ യു എ ഇ യിലും പുറത്തുമുള്ള വ്യവസായ പ്രമുഖർ പങ്കെടുക്കും. 2023 ൽ മികവുറ്റ പ്രകടനം നടത്തിയ സംരംഭകരെ ആദരിക്കും.
കേന്ദ്ര സാമൂഹിക നീതി , ശാക്തീകരണ വകുപ്പു മന്ത്രി രാംദാസ് അത് വാലെ , പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ രങ്കസ്വാമി ,കേരള സംസ്ഥാന സഹകരണ, തുറുമുഖ , ദേവസ്വം മന്ത്രി വി. എൻ വാസവൻ , കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ , തെലങ്കാന ഗ്രാമവികസന ,പഞ്ചായത്തീ രാജ് , വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ഡോ. ദൻസാരി അനസൂയ സീതക്ക,കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം എൽ എ , ദുബായ് ,ഷാർജ ,അജ്മാൻ പോലീസ് ഡിപ്പാർട്ട്മെന്‍റിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഹമ്മദ് റഫീഖ് അറിയിച്ചു. അക്കാഫ് അസോസിയേഷൻ പോൾ ടി ജോസഫ്, ഷീല പോൾ, പ്രമുഖ വ്യവസായി ആർ ഹരികുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.