

മെന്‍റലിസ്റ്റ് ആദി
ദുബായ്: കഴിഞ്ഞ മൂന്ന് വർഷമായി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കേരള പൊലീസിന് സേവനം നൽകാറില്ലെന്നും കേസ് തെളിയിക്കാൻ കേരള പൊലീസുമായി സഹകരിച്ചത് ഏറെ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും മെന്‍റലിസ്റ്റ് ആദി പറഞ്ഞു.
കൂടത്തായി ജോളി കേസിലാണ് അവസാനമായി കേരള പൊലീസുമായി സഹകരിച്ചത്. എന്നാൽ അതിനുശേഷം ആളുകൾ തന്നെ തെറ്റിദ്ധരിക്കാൻ തുടങ്ങിയെന്ന് ആദി വ്യക്തമാക്കി. അതുകൊണ്ട് ഇനിയൊരിക്കലും അത്തരം സേവനം നൽകില്ലെന്നും മെന്‍റലിസ്റ്റ് ആദി പറഞ്ഞു.
തന്‍റെ ഗവേഷണ വിഷയം അതായതിനാലും താത്പര്യം തോന്നിയതുകൊണ്ടും മാത്രമാണ് കേസുകൾ തെളിയിക്കാൻ മുൻപ് ഇടപെട്ടത്. കേസ് തെളിയിക്കാൻ കേരള പൊലീസിന് മെന്‍റലിസ്റ്റിന്‍റെ സേവനം ആവശ്യമില്ലെന്നും വളരെ സമർഥരായ പൊലീസ് ഉദ്യോഗസ്ഥർ നമുക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള പൊലീസിലെ ഉന്നത റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർക്ക് താൻ പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ നടക്കാനിരിക്കുന്ന തന്‍റെ പുതിയ പരിപാടിയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ആദി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. മെന്‍റലിസം സിനിമയിൽ കൂടി വന്നതോടെ ആളുകളുടെ തെറ്റിദ്ധാരണ വർദ്ധിച്ചു. മെന്‍റലിസം എന്നത് ഒരു കലാരൂപം മാത്രമാണ്.
നടൻ മോഹൻലാലുമായി ചേർന്ന് പല രാജ്യങ്ങളിലായി അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്ന ഷോ തന്‍റെ വലിയൊരു സ്വപ്നമാണെന്നും അത് നടന്നാൽ വലിയൊരു സംഭവമായി മാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിന് മുൻപ് ഇതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നുവെന്നും ആദി ചൂണ്ടിക്കാണിച്ചു. മെന്‍റലിസ്റ്റ് ആദി അവതരിപ്പിക്കുന്ന 'ഇൻസോംനിയ – വേക് അപ് ഇന്റു ദ് ഡ്രീം' എന്ന തിയെറ്ററിക്കൽ ഷോയുടെ ദുബായ് പതിപ്പ് സെപ്റ്റംബർ ആറിന് ദുബായ് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഉച്ചക്ക് ഒന്നിനും വൈകിട്ട് ഏഴിനും മൂന്ന് മണിക്കൂർ വീതമുള്ള രണ്ട് ഷോ അരങ്ങേറും.
നാൽപ്പത്തിനാല് രാജ്യങ്ങളിൽ മെന്‍റലിസം പ്രകടനം നടത്തി ശ്രദ്ധേയനായ ആദി മനസ് വായിക്കൽ, മനഃശാസ്ത്രം, നിരീക്ഷണം, കഥപറച്ചിൽ എന്നിവ സമന്വയിപ്പിച്ചാണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്. യുഎഇ പ്രേക്ഷകർക്കായി പ്രത്യേകം തയ്യാറാക്കിയ പുതിയ സൈക്കോളജിക്കൽ രീതികളും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത മികച്ച പ്രകടനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യു ടിക്കറ്റ്സ് വഴി കാണികൾക്ക് ടിക്കറ്റുകൾ ലഭ്യമാണ്.