ദുബായ്: കനത്ത ചൂടിൽ നിർമാണ കാർഷിക തൊഴിലാളികൾക്കും, ഡെലിവറി ഡ്രൈവർമാർക്കും സമാശ്വാസവുമായി 'അൽ ഫരീജ് ഫ്രിഡ്‌ജിൽ' നിന്ന് നൽകിയത് 10 ലക്ഷം ബോട്ടിൽ തണുത്ത കുടിവെള്ളവും, ജ്യൂസും, ഐസ്ക്രീമും. ഫെർജാൻ ദുബായിയുടെ നേതൃത്വത്തിൽ മാനവിക സേവനത്തിനായി തുടങ്ങിയ അൽ ഫരീജ് ഫ്രിഡ്ജ് എന്ന പദ്ധതിയാണ് ഒരു മില്യൺ കുപ്പി വെള്ളം വിതരണം ചെയ്ത് കാരുണ്യത്തിന്‍റെ പുതുചരിത്രം കുറിച്ചത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് ഫൗണ്ടേഷന്‍റെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്.
യുഎഇ വാട്ടർ എയ്‌ഡ് ഫൗണ്ടേഷൻ, എമിറേറ്റ്സ് ഫുഡ് ബാങ്ക് എന്നിവയും പദ്ധതിയുമായി സഹകരിച്ചു. ദുബായിലെ താമസക്കാരുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്തരം കാരുണ്യ സംരംഭങ്ങൾ നടപ്പാക്കുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്‍റെ സുസ്ഥിരത, പങ്കാളിത്തം എന്നിവയുടെ ചുമതലയുള്ള ഡയറക്ടർ ഇബ്രാഹിം അൽ ബലൂഷി പറഞ്ഞു.
കടുത്ത ചൂടിനെ അവഗണിച്ച് ജോലി ചെയ്യേണ്ടി വരുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഈ പദ്ധതി ആശ്വാസം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി വിജയകരമായി നടപ്പാക്കാൻ സാധിച്ചതിന് പിന്നിൽ സന്നദ്ധ പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനമാണെന്ന് ഫെർജാൻ ദുബായ് ഡയറക്ടർ ആലിയ അൽ ഷംലാൻ പറഞ്ഞു.