

ദുബായ് വിമാനത്താവളത്തിൽ കൂടുതൽ ബയോമെട്രിക് ക്യാമറകൾ: ചെക്ക് ഇൻ നടപടികൾ സുഗമമാകും
ദുബായ്: പാസ്പോർട്ടോ മറ്റു രേഖകളോ പുറത്തെടുക്കാതെ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് ചെക്-ഇൻ പൂർത്തിയാക്കാൻ സാധിക്കുന്ന സംവിധാനം ദുബായ് വിമാനത്താവളത്തിൽ വിപുലീകരിക്കുന്നു. എമിറേറ്റ്സ് എയർലൈനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കുവേണ്ടി കമ്പനി ടെർമിനൽ മൂന്നിൽ 200ൽ ഏറെ ബയോമെട്രിക് കാമറകൾ സ്ഥാപിക്കും. 8.5 കോടി ദിർഹമിന്റെ നിക്ഷേപത്തിന്റെ ഭാഗമായാണ് പദ്ധതി സജീകരിക്കുന്നത്.
‘ഫേസ് റെകഗ്നിഷൻ’സംവിധാനം വഴി നേരത്തേ രജിസ്റ്റർ ചെയ്ത യാത്രക്കാരനെ ഒരു മീറ്റർ അകലെ വെച്ച് തിരിച്ചറിയുമെന്നും രേഖകൾ കാണിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുമെന്നും എമിറേറ്റ്സ് വ്യക്തമാക്കി.
എമിറേറ്റ്സ് ആപ്പിലോ സെൽഫ് സർവിസ് കിയോസ്കുകളിലോ ചെക്-ഇൻ കൗണ്ടറുകളിലോ രജിസ്റ്റർ ചെയ്താൽ സംവിധാനം ഉപയോഗിക്കാനാകും. ഒരിക്കൽ രജിസ്റ്റർ ചെയ്താൽ പിന്നീട് എപ്പോഴും നിശ്ചിത ബയോമെട്രിക് ലെയ്നിലൂടെ കടന്നുപോകാനാകും.