
ഈ വർഷം ആദ്യ പകുതിയിൽ യുഎഇയിൽ പിടിച്ചെടുത്തത് 17.6 ദശലക്ഷത്തിലധികം അനധികൃത വസ്തുക്കൾ
ദുബായ്: ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ 17.6 ദശലക്ഷത്തിലധികം അനധികൃത വസ്തുക്കൾ പിടിച്ചെടുത്തതായി യുഎഇ അധികൃതർ അറിയിച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ പുകയില ഉൽപ്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മധുര പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള നിയവിരുദ്ധ എക്സൈസ് ഉൽപ്പന്നങ്ങളാണ് ഫെഡറൽ ടാക്സ് അതോറിറ്റി പിടിച്ചെടുത്തത്. ജനുവരി മുതൽ ജൂൺ വരെ 85,500 ഫീൽഡ് സന്ദർശനങ്ങൾ അതോറിറ്റി നടത്തി.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 110.7 ശതമാനം വർധനയാണ് പരിശോധനകളുടെ കാര്യത്തിൽ രേഖപ്പെടുത്തിയത്.
നികുതിയും പിഴയുമായി 357.22 ദശലക്ഷം ദിർഹം ഈടാക്കുകയും ചെയ്തു. 2024 ഇൽ ഇതേ കാലയളവിൽ 191.75 ദശലക്ഷം ദിർഹമാണ് ഈടാക്കിയത്. 86.29 ശതമാനം വർധനയാണ് ഉണ്ടായത്. പിടിച്ചെടുത്തവയിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഇല്ലാത്തതും എഫ്‌ടിഎയുടെ ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാത്തതുമായ 11.52 ദശലക്ഷം പായ്ക്കറ്റ് പുകയിലയും ഉൾപ്പെടുന്നു.
എക്സൈസ് നികുതി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനും കള്ളക്കടത്തും വ്യാജ വിൽപനയും തടയുന്നതിനുമാണ് 2019 മുതൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് സമ്പ്രദായം തുടങ്ങിയത്. യുഎഇ എക്സൈസ് നികുതി നിയമപ്രകാരം, അനാരോഗ്യകരമായ ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുര പാനീയങ്ങൾ എന്നിവയ്ക്ക് നികുതി നൽകണം. അടുത്ത വർഷം മുതൽ പഞ്ചസാര അടങ്ങിയ മധുര പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും നികുതി ചുമത്തുക.
ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങൾ നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി രാജ്യവ്യാപകമായി നടത്തുന്ന പരിശോധനകൾ തുടരുമെന്ന് എഫ്‌ടിഎയിലെ ടാക്സ് കംപ്ലയൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാറ അൽഹബ്ഷി പറഞ്ഞു.