ദുബായ്: അക്കാഫ് അസോസിയേഷന്‍റെ പൊന്നോണക്കാഴ്ചയുടെ ഭാഗമായി നടത്തുന്ന മാതൃവന്ദനത്തിൽ പങ്കെടുക്കാൻ നാട്ടിൽനിന്ന് അമ്മമാരെത്തി. കണ്ണൂരിൽ നിന്നാണ് ആദ്യ സംഘം അബുദാബിയിലെത്തിയത്. നാല് പേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ കൊച്ചിയിൽ നിന്ന് ആറ് പേരും തിരുവനന്തപുരത്ത് നിന്ന് 11 പേരുമെത്തി. അതിനുശേഷും കോഴിക്കോട് നിന്ന് അഞ്ച് പേരും.
26 അമ്മമാരെയാണ് ഇത്തവണ മാതൃവന്ദനത്തിലൂടെ അക്കാഫ് ആദരിക്കുന്നത്. യുഎഇയിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ മാതാക്കളിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.
അമ്മമാർക്കിനി ഒരാഴ്ച തിരക്കോടു തിരക്കായിരിക്കും. വെള്ളിയാഴ്ച അബുദാബിയിലെ ഗ്രാൻഡ് മോസ്ക്, ബാപ്‌സ് ക്ഷേത്രം എന്നിവ സന്ദർശിക്കുന്ന അമ്മമാർ ശനിയാഴ്ച ബുർജ് ഖലീഫയിലെത്തി, 'അറ്റ് ദി ടോപ്പ്' നെറുകയിൽ നിന്ന് ദുബായ് നഗരം വീക്ഷിക്കും. അക്വേറിയവും ദുബായ് മോളും ചുറ്റിക്കറങ്ങുന്ന അമ്മസംഘത്തിന് തിരുവോണ ദിനത്തിൽ മാത്രമാണ് ഒരു 'ബ്രേക്ക്' ഉള്ളത്. അന്ന് 11.30 ന് പൊന്നോണക്കാഴ്ചയുടെ വേദിയായ വേൾഡ് ട്രേഡ് സെന്‍ററിൽ എത്തുന്ന അമ്മമാരെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. മാതൃവന്ദനവും ഓണസദ്യയും ഓണക്കളികളുമായി അന്ന് അവിടെയങ്ങ് കൂടും.
തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ യുഎഇയിലെ മറ്റ് വിസ്മയക്കാഴ്ചകൾ കണ്ട് മനം നിറഞ്ഞായിരിക്കും 18ന് നാട്ടിലേക്കുള്ള മടക്കം. അമ്മമാരോടൊപ്പം അക്കാഫിന്‍റെ മാതൃവന്ദനം കമ്മിറ്റി അംഗങ്ങളും ഓരോ അമ്മമാരുടെയും ചെലവ് വഹിക്കുന്ന അലുമ്‌നി പ്രതിനിധികളും, മന്നത്ത് ഗ്രൂപ്പ് അംഗങ്ങളും എപ്പോഴും ഉണ്ടാകും.
ആഘോഷങ്ങൾക്കും ആരവങ്ങൾക്കും അപ്പുറം പ്രവാസ ഭൂമിയിൽ ജോലി ചെയ്യുന്ന മക്കൾക്കു വേണ്ടി ഉരുകിത്തീരുന്ന അമ്മമാരുടെ സാന്നിധ്യമാണ് ഇത്തവണത്തെ പൊന്നോണക്കാഴ്ചയെ സഫലമാക്കുന്നതെന്ന് അക്കാഫ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.