
ദുബായ്: ആർടിഎ ആസ്ഥാനത്ത് വിപുലമായ പരിപാടികളോടെ ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു. അൽ അയാല, അൽ റസ്ഫ, അൽ ഹർബിയ എന്നിവ ഉൾക്കൊള്ളുന്ന പരമ്പരാഗത എമിറാത്തി ഫോക്ക്‌ലോർ പ്രകടനവും നടന്നു. യുഎഇയുടെ ദീർഘ വീക്ഷണമുള്ള നേതൃത്വത്തെ ആദരിക്കുന്ന പരിപാടികളിൽ ആർടിഎ എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പങ്കെടുത്തു.
പരമ്പരാഗത കരകൗശലവസ്തുക്കൾ, ഫാൽക്കൺറി, അറബിക് കോഫി തയ്യാറാക്കൽ, അൽ സദു, അൽ താലി കരകൗശലങ്ങളുടെ ചരിത്രം ഉയർത്തിക്കാട്ടുന്ന ശില്പശാലകൾ എന്നിവയും നടത്തി. യുഎഇയുടെ പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കലാരൂപങ്ങളാണ് അവതരിപ്പിച്ചത്.
ദുബായിലെ ഗതാഗത ചരിത്രം വിവരിക്കുന്ന ആർടിഎയുടെ മ്യൂസിയം ശ്രദ്ധേയമായി. ഒരു കാലത്ത് നഗരവാസികൾ ഉപയോഗിച്ചിരുന്ന വിന്‍റേജ് വാഹനങ്ങൾ, ആദ്യകാല ലൈസൻസ് പ്ലേറ്റ് ഡിസൈനുകളുടെ വിശദാംശങ്ങൾ, എമിറേറ്റിലെ ഗതാഗതത്തിന്‍റെ പരിണാമം എന്നിവ പ്രദർശനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.