
യുഎഇയിൽ ആഗസ്റ്റ് മാസത്തിലെ കാലാവസ്ഥ പ്രവചിച്ച് എൻസിഎം
ദുബായ്: യുഎഇ യിലെ ആഗസ്റ്റ് മാസത്തിലെ കാലാവസ്ഥാ വിശദാംശങ്ങൾ പ്രവചിച്ച് ദേശിയ കാലാവസ്ഥാ വകുപ്പ്. ആഗസ്റ്റിൽ ശരാശരി 35.7°C താപനിലയും 72% ഈർപ്പവും ഉണ്ടാകുമെന്ന് വകുപ്പ് അറിയിച്ചു. ഇടയ്ക്കിടെ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് ഉണ്ടാവുമെന്നും പ്രവചനത്തിൽ പറയുന്നു. ശരാശരി 5.3 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
രാത്രിയിൽ തെക്കുകിഴക്കൻ കാറ്റും പകൽ സമയത്ത് വടക്ക് പടിഞ്ഞാറൻ കാറ്റും വീശും. യുഎഇ യിലുടനീളം ചൂടും ഈർപ്പവും രൂക്ഷമാകുന്നതോടെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാനും രാത്രി 2 നും 8 നും ഇടയിൽ മഴ പെയ്യാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരാം. മണൽ-പൊടിക്കാറ്റ് മൂലം കാഴ്ച പരിധി കുറയാനും സാധ്യതയുണ്ട്.
മഴയുള്ളപ്പോൾ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും പൊലീസ് നിർദേശിച്ചു.
തിങ്കളാഴ്ച രാത്രി വരെ, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ, ഈർപ്പം വർദ്ധിക്കുന്നതിനാൽ, മൂടൽമഞ്ഞ് രൂപപ്പെടാൻ ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അറേബ്യൻ ഗൾഫിലും ഒമാനിലും കടൽ താരതമ്യേന ശാന്തമായിരിക്കും.