

ചെറുകിട സംരംഭകരെ സഹായിക്കുന്നതിന് ഷാർജയിൽ പുതിയ സാമ്പത്തിക പദ്ധതി
ഷാർജ: ചെറുകിട-ഇടത്തരം സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം പകരുന്നതിനായി ഷാർജയിൽ പുതിയ സാമ്പത്തിക സഹായ പദ്ധതിക്ക് തുടക്കമായി. ഷാർജ എന്റർപ്രണർഷിപ്പ് സെന്റർ (ഷെറാ) ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് 'എന്റർപ്രണേഴ്സ് റസിലിയൻസ് ഫണ്ട്' രൂപീകരിച്ചത്.
നിലവിലെ വിപണി സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും ബിസിനസ് വളർച്ച ഉറപ്പാക്കാനും സംരംഭകരെ പ്രാപ്തരാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. സർക്കാർ-സ്വകാര്യ പങ്കാളികളുടെ സഹകരണത്തോടെ അഞ്ച് ദശലക്ഷം ദിർഹമാണ് (50 ലക്ഷം ദിർഹം) പദ്ധതിയിലൂടെ സമാഹരിക്കുന്നത്. ഇതിനായി ഷെറയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
നിർമാണം, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന ഷാർജ കേന്ദ്രമായുള്ള സ്ഥാപനങ്ങൾക്കാണ് മുൻഗണന. മലയാളികളടക്കം നിരവധി ഇന്ത്യൻ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
തിരിച്ചു നൽകേണ്ടതില്ലാത്ത ഗ്രാന്റുകൾ എന്ന നിലയിലാണ് ഈ സഹായം നൽകുന്നത് എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഇതിനു പുറമെ വിദഗ്ധരുടെ ഉപദേശങ്ങൾ, ശിൽപശാലകൾ, വിപണന സഹായം എന്നിവയും തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് ലഭിക്കും.
യുഎഇയുടെ ദീർഘവീക്ഷണത്തോടൊപ്പം നിന്ന് സുസ്ഥിരമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഷാർജ ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ ബൊദൂർ അൽ ഖാസിമി പറഞ്ഞു.
സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പദ്ധതിയെ സ്വാഗതം ചെയ്തു. രാജ്യത്തെ സംരംഭകത്വ മേഖലയുടെ കരുത്ത് വർധിപ്പിക്കാൻ ഇത്തരം നീക്കങ്ങൾ വലിയ സഹായമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഹാ ഗ്രൂപ്പ്, ഷുറൂഖ്, ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയും ഈ ഫണ്ടിനുണ്ട്. അപേക്ഷകരുടെ യോഗ്യതകൾ പരിശോധിക്കുന്നതിനായി അതിവേഗ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.