
അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്
അബുദാബി: മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ റുഹ സ്ട്രീറ്റിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങി. ജിസിസിയിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ സായിദ് സിറ്റി മുനിസിപ്പാലിറ്റി സെന്‍റർ ഡയറക്ടർ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ ഹൊസാനി ഉദ്ഘാടനം നിർവഹിച്ചു.
യുഎഇയുടെ വിഷൻ 2030ന് പിന്തുണ നൽകുന്നതാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റെന്നും ആഗോള ഷോപ്പിങ്ങ് സേവനം യുഎഇയിലെ കൂടുതൽ മേഖലകളിലേക്ക് കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും എം.എ. യൂസഫലി പറഞ്ഞു. ജിസിയിലെ ലുലു റീട്ടെയ്ലിന്‍റെ 256 മത്തെ സ്റ്റോറാണ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേത്. അബുദാബിയിൽ മാത്രം 18 പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
125,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി, മത്സ്യം മാംസം ലൈവ് കൗണ്ടറുകൾ എന്നിവ ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്. ഫാഷൻ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വിപുലമായ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോറും, ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു കണക്ടും മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക.
യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെയും ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെയും ശേഖരം ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളുമുണ്ട്. പാർക്കിംഗ് സൗകര്യവും സജ്ജമാണ്.
ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജിയണൽ ഡയറക്ടർ അജയ് കുമാർ എന്നിവരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.