

ജിദ്ദയിൽ ലുലു മാൾ ഉദ്ഘാടനം ചെയ്തു
ജിദ്ദ : റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാഗമായി, സൗദി അറേബ്യയിലെ മുൻനിര റീട്ടെയ്ൽ ലൈഫ്സ്റ്റൈൽ കേന്ദ്രമായ സെനോമി അസീസ് മാളിൽ ലുലു പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി അറേബ്യയിലെ 72ആമത്തേതും ജിസിസിയിലെ 267ആമത്തെയും സ്റ്റോറാണ് ജിദ്ദയിലേത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽകെത്ബി, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സുരി, ജിദ്ദയിലെ ഫിലിപ്പീൻസ് കോൺസൽ ജനറൽ റോമെൽ.എ. റൊമാറ്റോ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡ്സ്ട്രി പ്രസിഡന്‍റും ബോർഡ് ചെയർമാനുമായ മുഹമ്മദ് യൂസഫ് നാഖി, ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.
10157 ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, പഴം പച്ചക്കറി ഉത്പന്നങ്ങൾ, ബേക്കറി, മത്സ്യം, ഇറച്ചി, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രൊഡക്ടുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഷോപ്പിങ്ങ് സുഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിങ്ങ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ജിദ്ദയിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ലഭിക്കുകയെന്നും വിപുലമായ വികസന പദ്ധതികളാണ് സൗദി അറേബ്യയിൽ ലുലു നടപ്പാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
15 ലേറെ റീട്ടെയ്ൽ സ്റ്റോറുകൾ സൗദി അറേബ്യയിൽ ഉടൻ തുറക്കുമെന്നും നഗരാതിർത്തികളിലേക്കും സാന്നിദ്ധ്യം വിപുലമാക്കുമെന്നും എം.എ. യൂസഫലി വിശദീകരിച്ചു. സൗദി വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്‍റെ പദ്ധതികൾ. 2030നകം സൗദിയിൽ നൂറ് സ്റ്റോറുകൾ എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.