
ഷാർജ അൽ ജദയിൽ വിശ്വാസികൾക്ക് വേണ്ടി പുതിയ പള്ളി
ഷാർജ: ഷാർജയിലെ ഏറ്റവും വലിയ പള്ളികളിലൊന്ന് അൽ ജദയിൽ വിശ്വാസികൾക്ക് തുറന്നുകൊടുത്തു. 6,388 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ഖുർആൻ പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ ഷാർജ ഉപ ഭരണാധികാരിയും അറദ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി ളുഹർ നമസ്കാരം നിർവഹിച്ചു.
പുതിയ പള്ളിയിൽ ഒരേസമയം 3,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. ഇതിൽ 1,600 പേർക്ക് പ്രധാന പ്രാർഥനാ സ്ഥലത്തും 1,000 പേർക്ക് മുറ്റത്തും വനിതാ വിഭാഗത്തിൽ 400 പേർക്കും നമസ്കരിക്കാൻ സാധിക്കും. പള്ളിക്ക് ആകർഷകമായ വൃത്താകൃതിയിലുള്ള താഴികക്കുടവും 39 മീറ്റർ ഉയരമുള്ള മിനാരവുമുണ്ട്. ലളിതമായ രൂപകൽപനയും മനോഹരമായ അറബിക് കാലിഗ്രാഫിയും ചേർന്ന പുറംഭാഗം മനോഹരമാണ്.