ദുബായിൽ പാർക്കിങ് ഇടങ്ങളിൽ പുതിയ ക്രമീകരണം: തിരക്കേറിയ സമയത്ത് കൂടുതൽ തുക ഈടാക്കും അടുത്ത വർഷം മാർച്ചോടെ പ്രാബല്യത്തിൽ

പ്രീമിയം പാർക്കിങ് സോണുകൾ പ്രത്യേക അടയാളങ്ങളും താരിഫ് വിശദാംശങ്ങളും ഉപയോഗിച്ച് അടയാളപ്പെടുത്തും.
New parking regulations in Dubai: Higher charges during peak hours, effective from March next year
ദുബായ്
Updated on

ദുബായ്: ദുബായ് എമിറേറ്റിൽ പാർക്കിങ് ഇടങ്ങൾ പുനഃക്രമീകരിക്കുന്നു.പാർക്കിങിന് കൂടുതൽ ആവശ്യക്കാരുള്ള മേഖലകളെ പ്രീമിയം പാർക്കിങ്ങ് ഇടങ്ങളാക്കി മാറ്റാനാണ് തീരുമാനം. ഇത്തരം ഇടങ്ങളിൽ പീക് സമയങ്ങളിൽ കൂടുതൽ നിരക്ക് ഈടാക്കുമെന്ന് പാർക്കിൻ പിജെഎസ്‌സി അറിയിച്ചു. അടുത്ത വർഷം മാർച്ച് മുതലായിരിക്കും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുക

പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് പീക് സമയമായ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും മണിക്കൂറിന് 6 ദിർഹം ആയിരിക്കും. തിരക്കില്ലാത്ത സമയമായ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 10 വരെയും 4 ദിർഹം നൽകിയാൽ മതിയാകും. രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ 8 വരെയും ഞായറാഴ്ചകളിലും, പൊതു അവധി ദിനങ്ങളിലും പാർക്കിങ് സൗജന്യമായി തുടരും.

പ്രീമിയം പാർക്കിങ് സോണുകൾ പ്രത്യേക അടയാളങ്ങളും താരിഫ് വിശദാംശങ്ങളും ഉപയോഗിച്ച് അടയാളപ്പെടുത്തും. പാർക്കിൻ വെബ്‌സൈറ്റിലും പാർക്കിൻ മൊബൈൽ ആപ്പ് വഴിയും സോഷ്യൽ മീഡിയ ചാനലുകൾ വഴിയും ഇതിന്‍റെ വിശദാംശങ്ങൾ അറിയിക്കും. മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രീമിയം പാർക്കിങ് ഇടങ്ങൾ നിർണയിക്കുന്നത്.

ഒരു മെട്രോ സ്റ്റേഷന്‍റെ 500 മീറ്ററിനുള്ളിലെ പ്രദേശങ്ങൾ, തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ആവശ്യക്കാരുള്ള പാർക്കിങ് സ്ഥലങ്ങൾ, മാർക്കറ്റുകളും വാണിജ്യ പ്രവർത്തന മേഖലകളും പോലെയുള്ള ജന സാന്ദ്രതയും തിരക്കുമുള്ള ഇടങ്ങൾ എന്നിവയാണ് മാനദണ്ഡങ്ങളെന്ന് പാർക്കിൻ സിഇഒ മുഹമ്മദ് അബ്ദുല്ല അൽ അലി വിശദീകരിച്ചു.

ഉദാഹരണമായി ദെയ്‌റ, ബർ ദുബായ്, ഡൗൺടൗൺ ദുബായ്, ബിസിനസ് ബേ, ജുമൈറ, അൽ വാസൽ റോഡ്, മറ്റ് സ്ഥലങ്ങളിലെ വാണിജ്യ മേഖലകൾ എന്നിവ അദ്ദേഹം ചൂണ്ടികാണിച്ചു. നൂറുകണക്കിന് പേർ പങ്കെടുക്കുന്ന വലിയ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ പാർക്കിങ് നിരക്ക് കൂടുതൽ ഈടാക്കാനുള്ള തീരുമാനവും അധികൃതർ അറിയിച്ചു. ഇത്തരം ഇവന്‍റ് സോണുകൾക്ക് സമീപമുള്ള പണമടച്ചുള്ള പൊതു പാർക്കിങ് ഇടങ്ങളിൽ ഫീസ് മണിക്കൂറിന് 25 ദിർഹം ആയിരിക്കുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.

അടുത്ത വർഷം ഫെബ്രുവരി മുതലായിരിക്കും ഇത് നടപ്പാക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിന് സമീപമുള്ള ഇടങ്ങളിലായിരിക്കും ഇത് നടപ്പാക്കുന്നത്. ഇവന്‍റ് സമയത്ത് ഈ സോണുകൾ വ്യക്തമായി അടയാളപ്പെടുത്തുകയും താരിഫ് വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യും. പാർക്കിൻ വെബ്‌സൈറ്റ്, പാർക്കിൻ മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ ചാനലുകൾ എന്നിവ വഴി വിവരങ്ങൾ ലഭ്യമാക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com