ചിപ്പുള്ള ഇ - പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ പോർട്ടൽ

ചിപ്പിൽ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കിയാണ് ഇ - പാസ്പോർട്ട് ലഭ്യമാക്കുക.
New portal for Indians to apply for e-passport with chip

ഇന്ത്യക്കാർക്ക് ചിപ്പുള്ള ഇ - പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ പോർട്ടൽ

Updated on

ദുബായ്: പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പുള്ള ഇ - പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയതായി യുഎഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ അറിയിച്ചു. പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഇനി മുതൽ പുതിയ പോർട്ടൽ വഴിയാണ് സ്വീകരിക്കുകയെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു.

പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു. പാസ്പോർട്ട് സേവാ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം. ചിപ്പിൽ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കിയാണ് ഇ - പാസ്പോർട്ട് ലഭ്യമാക്കുക. ഇത് ആഗോള തലത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് കൂടുതൽ എളുപ്പമാക്കും.

https://mportal.passportindia.gov.in/gpsp/AuthNavigation/Login ലിങ്കിൽ പ്രവേശിച്ച ശേഷം വ്യക്തി വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം. തുടർന്ന് ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ അപേക്ഷാ ഫോറത്തിൽ വിവരങ്ങൾ തെറ്റില്ലാതെ അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്‍റ് എടുത്ത് സൂക്ഷിക്കണം. തുടർന്ന് വീസ, പാസ്പോർട്ട് സേവന ദാതാക്കളായ ബിഎൽഎസിൽ രേഖകൾ സമർപ്പിക്കുന്നതിന് ലിങ്കിൽ (https://indiavisa.blsinternational.com/uae/appointment/bls_appmnt/login) പ്രവേശിച്ച് അപ്പോയ്ൻമെന്‍റ് എടുക്കണം.

അപേക്ഷയിൽ എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അധിക നിരക്കു നൽകാതെ തിരുത്താനും സാധിക്കും. ഇന്‍റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡം അനുസരിച്ച് ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ എന്നിവ പിഎസ്പി പോർട്ടലിൽ നേരിട്ട് അപ് ലോഡ് ചെയ്യാനും അവസരമുണ്ട്. അതിനാൽ ബിഎൽഎസിൽ നിന്ന് ഫോട്ടോ എടുക്കണമെന്ന് നിർബന്ധമില്ല.

പാസ്പോർട്ടിനുള്ള ഫോട്ടോയിൽ 80-85% ഭാഗവും മുഖവും തലയും തോളിന്‍റെ മുകൾ ഭാഗവും ലഭിക്കത്തക്കവിധം ക്ലോസ് അപ് ചിത്രം ആയിരിക്കണം. 630*810 പിക്സൽ സൈസിൽ കളർ ഫോട്ടോയാണ് വേണ്ടത്. മുഖത്തെ വെളിച്ചം കൂടുതലോ കുറവോ പാടില്ല. സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഫോട്ടോയിൽ മാറ്റം വരുത്തരുത്. വശങ്ങളിലേക്കു തിരിയാതെ ക്യാമറയിലേക്കു നോക്കും വിധമാകണം ഫോട്ടോ. ചർമത്തിന്‍റെ സ്വാഭാവികതയിൽ മാറ്റം വരുത്തരുത്.

ഫോട്ടോയുടെ പശ്ചാത്തലം വെള്ള നിറത്തിലായിരിക്കണം. നിഴലോ ഫ്ലാഷ് ലൈറ്റിന്‍റെ പ്രതിഫലനമോ ഉണ്ടാകാൻ പാടില്ല. ക്യാമറയിൽ നിന്ന് കുറഞ്ഞത് 1.5 മീറ്റർ അകലം പാലിച്ചാണ് ഫോട്ടോ എടുക്കേണ്ടത്. മതപരമായ കാരണങ്ങളാലല്ലാതെ ശിരോവസ്ത്രം അനുവദിക്കില്ല. ശിരോവസ്ത്രം ധരിക്കുന്നവരുടെ ഫോട്ടോ നെറ്റി മുതൽ താടി വരെ കാണത്തക്ക വിധമായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com