

പുതുവത്സര രാവിൽ ദുബായിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 28 ലക്ഷം പേരെന്ന് ആർടിഎ
ദുബായ്: പുതുവത്സര രാവിൽ ദുബായിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തിൽ വൻ വർധന.പുതുവത്സര രാവിൽ പൊതുഗതാഗതം ഉപയോഗിച്ചത് 28 ലക്ഷം പേരാണെന്നും ഇത് കഴിഞ്ഞ വർഷത്തെക്കാൾ 13 ശതമാനം കൂടുതലാണെന്നും ദുബായ് ആർടിഎ അറിയിച്ചു.ദുബായ് ഈവന്റ് സെക്യൂരിറ്റി കൗൺസിലുമായി സഹകരിച്ച് ആർ.ടി.എ നടപ്പാക്കിയ പരിഷ്കരണങ്ങളാണ് പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമായത്.
ഇതുവഴി തിരക്ക് നിയന്ത്രിക്കാനും പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാനും താമസക്കാർക്ക് സാധിച്ചു.
പൊതുഗാതാഗത സംവിധാനങ്ങളിൽ ദുബായ് മെട്രോ ഉപയോഗിച്ചവരുടെ എണ്ണം 12 ലക്ഷത്തിലേറെയാണ്. ദുബായ് ട്രാം 58,052പേർ ഉപയോഗിച്ചു. പൊതു ബസുകളും ബസ് ഓൺ ഡിമാൻഡും ഉപയോഗിച്ചവർ അഞ്ചുലക്ഷത്തിലേറെ പേരാണ്. ടാക്സികൾ ആറുലക്ഷത്തിലേറെ പേർ ഉപയോഗപ്പെടുത്തി. 76,745പേർ വിവിധ സമുദ്ര ഗതാഗത സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്.