
അജ്മാനിൽ വ്യാജ ഡിറ്റക്റ്റീവ് ചമഞ്ഞ് നാല് ലക്ഷം ദിർഹം തട്ടി: ഒൻപത് പേർക്ക് തടവ്
അജ്‌മാൻ: വ്യാജ കറൻസി കൈമാറ്റത്തിനിടെ ഡിറ്റക്റ്റീവുകളെന്ന വ്യാജേനയെത്തി ഒരാളിൽ നിന്ന് 400,000 ദിർഹത്തിലധികം മോഷ്ടിച്ച കേസിൽ ഒമ്പത് പേർക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. മോഷ്ടിച്ച തുക പ്രതികൾ തിരികെ നൽകണമെന്നും, ശിക്ഷ അനുഭവിച്ചതിന് ശേഷം ഏഴ് പേരെ നാടുകടത്തണമെന്നും അജ്മാൻ ഫെഡറൽ പ്രൈമറി കോടതി ഉത്തരവിട്ടു.
മെച്ചപ്പെട്ട നിരക്ക് വാഗ്ദാനം ചെയ്ത ഒരു സംഘം വഴി ഇര 400,000 ദിർഹത്തിൽ കൂടുതൽ തുക യുഎസ് ഡോളറുമായി കൈമാറ്റം ചെയ്യാൻ ഒരുങ്ങുമ്പോഴാണ് കവർച്ച നടന്നത്. അറബ് പൗരന്മാരായ മൂന്ന് പേർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് വ്യാജമായി പരിചയപ്പെടുത്തിയാണ് തുക തട്ടിയെടുത്തത്.
പ്രതികൾ സംഘത്തിലുള്ളവരോട് വാഹനത്തിൽ നിന്ന് ഇറങ്ങി ഒരു മതിലിനോട് ചേർന്ന് നിൽക്കാൻ നിർബന്ധിച്ചു. പുരുഷന്മാരിൽ ഒരാൾ അവരുടെ ഐഡി കാർഡുകളും മൊബൈൽ ഫോണുകളും ശേഖരിച്ചപ്പോൾ, മറ്റൊരാൾ അധികാരികളുമായി സംസാരിക്കുന്നതായി നടിച്ചു.
ഇതിനിടെ മൂന്നാമത്തെ പ്രതി കാർ തുറന്ന് പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു. അജ്മാൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും 63,000 ദിർഹം ഒഴികെയുള്ള തുക കണ്ടെത്തുകയും ചെയ്തു.