ഇന്ത്യൻ യാത്രക്കാർക്ക് ആശ്വാസം; ജർമനി വഴി പറക്കാൻ ഇനി ട്രാൻസിറ്റ് വിസ വേണ്ട

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമനി വഴി യാത്ര ചെയ്യാൻ ഇനി ട്രാൻസിറ്റ് വിസ വേണ്ട. പുതിയ വിസ ഇളവിനെക്കുറിച്ചുള്ള വിവരങ്ങളും നിബന്ധനകളും വായിക്കാം.
No transit visa for Indians in Germany

അധിക സാമ്പത്തിക ബാധ്യതയും വിസ നടപടികൾക്കായി കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടും ഒഴിവാകും.

FREEPIK.COM

Updated on
Summary

ജർമനിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്ക് എയർപോർട്ട് ട്രാൻസിറ്റ് വിസ ഒഴിവാക്കി. ജർമൻ ചാൻസലറുടെ ഇന്ത്യൻ സന്ദർശന വേളയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് വഴി അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഈ തീരുമാനം വലിയ ലാഭവും സൗകര്യവും നൽകും. എന്നാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ ഈ അനുമതി മതിയാകില്ല.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സന്തോഷവാർത്ത. ജർമനിയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് നോൺ-ഷെങ്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ (Type A) ആവശ്യമില്ല. ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് ഇന്ത്യ സന്ദർശിക്കുന്ന വേളയിലാണ് പ്രവാസി മലയാളി യാത്രക്കാർക്കും വിദ്യാർഥികൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്.

നേരത്തെ, ഇന്ത്യയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന ഹബുകൾ വഴി അമേരിക്കയിലേക്കോ കാനഡയിലേക്കോ ലണ്ടനിലേക്കോ പോകുന്നവർക്ക് പോലും ട്രാൻസിറ്റ് വിസ നിർബന്ധമായിരുന്നു. വിമാനത്താവളത്തിന് പുറത്തിറങ്ങുന്നില്ലെങ്കിലും ഏകദേശം 9,500 രൂപയോളം ചെലവാക്കി ഈ വിസ എടുക്കണമായിരുന്നു. പുതിയ നിയമം വരുന്നതോടെ ഈ അധിക സാമ്പത്തിക ബാധ്യതയും വിസ നടപടികൾക്കായി കാത്തിരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടും ഒഴിവാകും.

ഈ ഇളവ് ലഭിക്കുന്നതിന് ചില പ്രത്യേക നിബന്ധനകൾ യാത്രക്കാർ പാലിക്കേണ്ടതുണ്ട്:

  • നോൺ-ഷെങ്കൻ യാത്രക്കാർക്ക് മാത്രം: ലണ്ടൻ, ന്യൂയോർക്ക്, ടൊറന്‍റോ തുടങ്ങിയ ഷെങ്കൻ പരിധിയിൽ വരാത്ത നഗരങ്ങളിലേക്ക് പോകുന്നവർക്കാണ് ഈ ഇളവ്. എന്നാൽ പാരീസ്, റോം, ആംസ്റ്റർഡാം തുടങ്ങിയ ഷെങ്കൻ രാജ്യങ്ങളിലേക്ക് ജർമനി വഴി പോകുന്നവർക്ക് പഴയതുപോലെ വിസ ആവശ്യമാണ്.

  • വിമാനത്താവളത്തിന് പുറത്തിറങ്ങരുത്: യാത്രക്കാർ വിമാനത്താവളത്തിലെ ഇന്‍റർനാഷണൽ ട്രാൻസിറ്റ് ഏരിയയിൽ തന്നെ തുടരണം. ഇമിഗ്രേഷൻ കടന്ന് പുറത്തിറങ്ങാൻ അനുവാദമുണ്ടാകില്ല.

  • സമയപരിധി: കണക്ഷൻ വിമാനങ്ങൾ തമ്മിലുള്ള ഇടവേള 24 മണിക്കൂറിൽ താഴെയായിരിക്കണം.

  • നിശ്ചിത വിമാനത്താവളങ്ങൾ: ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ-ബ്രാൻഡൻബർഗ്, ഹാംബർഗ്, ഡസൽഡോർഫ് എന്നീ അഞ്ച് വിമാനത്താവളങ്ങളിലാണ് നിലവിൽ ട്രാൻസിറ്റ് സൗകര്യമുള്ളത്.

എന്തുകൊണ്ട് ഈ മാറ്റം?

ഇന്ത്യയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. സുരക്ഷാ കാരണങ്ങളാൽ നേരത്തെ ഇന്ത്യയുൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളെ ജർമനി ട്രാൻസിറ്റ് വിസ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും വിസ നടപടികൾ മൂലം ലുഫ്താൻസ പോലുള്ള വിമാനക്കമ്പനികൾക്ക് നേരിട്ട തിരിച്ചടിയും കണക്കിലെടുത്താണ് ഇളവ് നൽകാൻ തീരുമാനിച്ചത്.

ഈ നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ജർമനി വഴി യാത്ര ചെയ്യാൻ തയാറെടുക്കുന്നവർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതിയ നിയമം നിലവിൽ വന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com