
ഗതാഗത പിഴ അടക്കാത്തവർക്ക് വിസയില്ല: പുതിയ നിയമം പരീക്ഷിക്കാൻ ഒരുങ്ങി ദുബായ്
ദുബായ്: ദുബായിൽ ഇനി മുതൽ താമസ വിസ ലഭിക്കണമെങ്കിലോ വിസ പുതുക്കണമെങ്കിലോ ഗതാഗത പിഴ കുടിശിക ഉണ്ടാവാൻ പാടില്ലെന്ന നിയമം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നു. പുതിയ നിയമമനുസരിച്ച് വിസ നൽകൽ അല്ലെങ്കിൽ പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് താമസക്കാർ ഗതാഗത പിഴകൾ അടച്ചുതീർക്കണം. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനും കുടിശ്ശികയുള്ള പിഴകൾ തീർപ്പാക്കുന്നതിനും താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ പറഞ്ഞു.
പിഴ കുടിശ്ശികയുണ്ടെങ്കിൽ വിസ പുതുക്കൽ പൂർണ്ണമായും തടയില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ താമസ വിസ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് കുടിശ്ശിക പൂർണ്ണമായോ അല്ലെങ്കിൽ തവണകളായോ അടയ്ക്കാൻ വ്യക്തികൾക്ക് അവസരം നൽകുന്നു.
താമസക്കാരെ അവരുടെ പിഴകൾ അടയ്ക്കാൻ ഓർമ്മിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഓരോ കേസിനുസരിച്ച് ഈ സമ്പ്രദായത്തിൽ 'ഫ്ലെക്സിബിളായ' നടപടികളായിരിക്കും ഉണ്ടാവുക എന്നും
ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു.
പല കേസുകളിലും ഗഡുക്കളായി പണമടയ്ക്കാൻ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംവിധാനം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും ദുബായ് വിമാനത്താവളത്തിലെ ജിഡിആർഎഫ്എ കേന്ദ്രത്തിൽ ഇത് ബാധകമല്ല എന്നും അദ്ദേഹം വിശദീകരിച്ചു.