പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും

നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍, പ്രവാസി മിഷനും ഉടന്‍
NORKA police stations for non resident Keralites

നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍

File photo

Updated on

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ പരാതികൾ പരിഹരിക്കാനും വിദേശ തൊഴില്‍ തട്ടിപ്പുകളും തടയാനും ലക്ഷ്യമിടുന്ന നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് മനാമയില്‍ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോകകേരള സഭാ സെക്രട്ടേറിയേറ്റിലാണ് നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ നടപ്പിലാക്കാന്‍ തീരുമാനമായത്. കേരളം മുഴുവന്‍ അധികാരപരിധിയുളള 50 അംഗ പൊലീസ് സേനാ സംവിധാനത്തിനാണ് തീരുമാനം. സാമ്പത്തിക തട്ടിപ്പുകള്‍, നിയമവിരുദ്ധ വിദേശ തൊഴില്‍ റിക്രൂട്ട്മെന്‍റ്, മനുഷ്യക്കടത്ത്, തൊഴിൽ കരാര്‍ ലംഘനങ്ങള്‍, പ്രവാസികളുടെ കുടുംബപരവും വൈവാഹികവുമായ പ്രശ്നങ്ങൾ, വസ്തുകൈയേറ്റം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ക്കും പരാതികളില്‍ സമയബന്ധിതമായ പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ എന്ന ആശയം നടപ്പിലാക്കുന്നത്.

നിലവില്‍ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന പൊലീസ് ആസ്ഥാനത്ത് എൻ.ആർ.ഐ സെൽ നിലവിലുണ്ട്. എന്നാല്‍, പ്രവാസികളുടെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണങ്ങള്‍ക്കും വിപുലവും ശക്തവുമായ പൊലീസ് സംവിധാനം വേണമെന്ന് പ്രവാസികള്‍ ലോകകേരള സഭകളില്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

നോര്‍ക്ക പൊലീസ് സ്റ്റേഷന്‍റെ വിശദാംശങ്ങള്‍ തയാറാക്കാന്‍ ലോകകേരള സഭാ സെക്രട്ടേറിയേറ്റ്, നോര്‍ക്ക വകുപ്പ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

ഇതോടൊപ്പം പ്രവാസികളുമായി ബന്ധപ്പെട്ടതും പ്രവാസികള്‍ക്കുകൂടി പ്രയോജനപ്പെടുന്നതുമായ വിവിധ വകുപ്പുകളുടേയും പദ്ധതികളുടേയും സംവിധാനങ്ങളുടേയും ഏകോപനത്തിനായുളള കൂട്ടായ്മയായി പ്രവാസി മിഷനും യാഥാർഥ്യമാവുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും ലോകത്തെമ്പാടുമുളള കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ ജൂണില്‍ ആരംഭിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഓപ്പണ്‍ ഫോറത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും സംബന്ധിച്ചു. പ്രവാസികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com