ദുബായ്: അജ്മാനിലെ ഹമീദിയയിൽ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾ (എൻ.ജി.ബി.എസ്) ഈ അധ്യയന വർഷം പ്രവർത്തനം തുടങ്ങും. അജ്മാനിലെ പരിസ്ഥിതി സൗഹൃദ വിദ്യാലയങ്ങളായ ഹാബിറ്റാറ്റ് സ്കൂളുകൾ സ്ഥാപിച്ച എസ് & സെഡ് ഗ്രൂപ്പിൽ നിന്നുള്ള എൻജിബ.എസ് സെപ്റ്റംബർ 2ന് തുടക്കം കുറിക്കുമെന്ന് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പ്രഖ്യാപിച്ചു. യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും യുകെയുടെ ഉന്നതമായ ദേശീയ പാഠ്യ പദ്ധതിയും സവിശേഷമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഈ സ്കൂൾ വിദ്യാഭ്യാസ മേഖലയില്‍ പുത്തനുണർവ് സമ്മാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയില്‍ ആദ്യമായി കൃഷിയും കോഡിംഗും സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയ പ്രശസ്തമായ ഗ്രൂപ്പാണിത്. റോബോട്ടിക്സ്, എഐ ലാബ് എന്നിവയുൾപ്പെടെ ഏറ്റവും പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉൾപ്പെടുത്തി എസ് & സെഡ് ഗ്രൂപ് ഈ പാരമ്പര്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അജ്മാനിലെ ഏറ്റവും വലിയ കാമ്പസുകളിലൊന്നായ നോർത്ത് ഗേറ്റ് സ്കൂളിൽ, ഫുട്ബോൾ മൈതാനം, ഒളിമ്പിക് വലിപ്പത്തിലുള്ള നീന്തൽക്കുളം, അത്യാധുനിക സൗകര്യങ്ങളുള്ള സ്പെഷ്യലിസ്റ്റ് മുറികള്‍ എന്നിവ ഉൾപ്പെടുന്നു. താങ്ങാവുന്ന ഫീസിൽ അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉൾക്കൊള്ളുന്ന മികച്ച വിദ്യാഭ്യാസം ആണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും കഴിഞ്ഞ കാലങ്ങളിലായി ഹാബിറ്റാറ്റ് സ്‌കൂളുകൾ അത് തെളിയിച്ചിട്ടുണ്ടെന്നും മാനേജിങ്ങ് ഡയറക്ടർ ഷംസു സമാൻ പറഞ്ഞു.
നോർത്ത് ഗേറ്റിൽ അക്കാദമികവും സമഗ്രവുമായ അന്തരീക്ഷം വളർത്തിയെടുക്കാൻ അദ്ധ്യാപകർ പ്രതിജ്ഞാബദ്ധരാണെന്ന് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന്റെ സ്ഥാപക പ്രിൻസിപ്പൽ ഗ്യാരി വില്യംസ് വ്യക്തമാക്കി.അച്ചടക്കം ഉള്ളിടത്ത് മാത്രമേ മൂല്യവത്തായ വിദ്യാഭ്യാസം ഉണ്ടാകൂ എന്നും 25 വർഷത്തെ അധ്യാപന പരിചയമുള്ള ഗ്യാരി വില്യംസ് ചൂണ്ടിക്കാട്ടി.
പത്തേക്കർ സ്ഥലത്ത് 394,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിട സമുച്ചയത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. യുഎഇയില്‍, പ്രത്യേകിച്ച് അജ്മാനില്‍ വിദ്യാഭ്യാസ മികവിന് പുതിയ മാനം സൃഷിടിക്കുകയാണ് എസ് & സെഡ് ഗ്രൂപ്പെന്ന് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂൾസ് ഓപറേഷൻസ് ഡയറക്ടർ ഷമ്മ മറിയം പറഞ്ഞു.
പ്രാരംഭ ഘട്ടത്തിൽ ഇയർ 6 വരെയാണ് ക്ലാസുകൾ ഉണ്ടാവുക. പിന്നീട് കൂടുതൽ ക്ലാസുകൾ തുടങ്ങും. ഓരോ ക്ലാസ്സിലും 25 കുട്ടികളെയാണ് പ്രവേശിപ്പിക്കുക. 4,000 വിദ്യാർത്ഥികൾക്ക് ആകെ പഠിക്കാൻ സൗകര്യമുണ്ട്.പ്രൈമറി ഹെഡ് ജൊവാനി ഇറാസ്മസ്, എം.ഒ.ഇ ഹെഡ് ജിഹാൻ മൻസൂർ, ഹാബിറ്റാറ്റ് സ്കൂൾസ് അക്കാദമിക് സി.ഇ.ഒ സി.ടി ആദിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. അജ്മാനിൽ ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്.