പ്രവാസികൾക്ക് എൻആർഐ സൈബർ സെൽ

വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ പുതിയ ടാസ്ക് ഫോഴ്‌സ് തുടങ്ങാൻ സർക്കാർ ഉത്തരവ്
NRI Cyber ​​Cell for non-residents; Govt orders to start new task force to prevent foreign labor fraud
പ്രവാസികൾക്ക് എൻആർഐ സൈബർ സെൽ; വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ പുതിയ ടാസ്ക് ഫോഴ്‌സ് തുടങ്ങാൻ സർക്കാർ ഉത്തരവ്
Updated on

ദുബായ്: പ്രവാസികൾക്ക് വേണ്ടി പ്രത്യേക സൈബർ സെൽ തുടങ്ങാൻ സർക്കാർ ഉത്തരവ്. നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി പുറത്തിറക്കിയ സർക്കാർ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരള പൊലീസ് മേധാവിയോടും കേരള പൊലീസ് എൻആർഐ സെൽ സുപ്രണ്ടിനോടുമാണ് എൻആർഐ സെൽ ശക്തപ്പെടുത്താനും പ്രവാസികൾക്കായി പുതിയതായി സൈബർ സെൽ തുടങ്ങാനും ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ നോർക്കയും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ്സും കേരള പൊലീസ് എൻആർഐ സെല്ലും ചേർന്ന് ഒരു പുതിയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായും ഈ ഉത്തരവിൽ പറയുന്നു.

കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണം തേടിയിട്ടുണ്ട്. വിദേശത്തേക്കുള്ള വിദ്യാർഥി കുടിയേറ്റത്തിന് ആവശ്യമായ മാർഗനിർദേശങ്ങളും വേണ്ടിവന്നാൽ പുതിയ നിയമവും കൊണ്ടുവരുവാൻ നിയമ വകുപ്പിനോടും ഈ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശതൊഴിൽ തട്ടിപ്പുകൾ അടുത്തകാലത്തായി വ്യാപകമായതിനെ തുടർന്ന് ഇവ തടയുവാനായി പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ ജോസ് എബ്രഹാം ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈകോടതി കേരള സർക്കാരിന് നിർദേശവും നൽകിയിരുന്നു. ജസ്റ്റിസ് ടി.ആർ. രവിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രവാസി ലീഗൽ സെൽ പ്രതിനിധികളുമായി ഹിയറിങ് നടത്തി തീരുമാനമെടുക്കാനാണ് കേരള ഹൈകോടതി നിർദേശം നൽകിയത്. ഇത് പ്രകാരമാണ് കേരള സർക്കാർ ഈ സുപ്രധാനമായ തീരുമാനമെടുത്തത്.

ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ മുരളീധരൻ, തലക്കത്തു പൂവച്ചൽ എന്നിവരാണ് പ്രവാസി ലീഗൽ സെല്ലിനുവേണ്ടി സർക്കാരിനു മുമ്പാകെ ഹിയറിങ്ങിനു ഹാജരായത്.

വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചു നടന്ന നൂറുകണക്കിന് വിദേശ തൊഴിൽ തട്ടിപ്പുകളുടെ വിവരങ്ങൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പിഎൽസി യൂ.കെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ.സോണിയ സണ്ണി, ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അബുദാബി ചാപ്റ്റർ അദ്ധ്യക്ഷൻ ജയ്പാൽ ചന്ദ്രസേനൻ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കേസുകൾ ക്രോഡീകരിച്ചത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിൽ ഒന്നായിരുന്നു ഇത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്തു പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com